
സോഷ്യല്‍ സ്റ്റിഗ്മ അവബോധം അനിവാര്യം: റ്റിഷ റേച്ചല്‍ ജേക്കബ്
അമാനുല്ല വടക്കാങ്ങര
ദോഹ:സോഷ്യല്‍ സ്റ്റിഗ്മ അവബോധം അനിവാര്യമാണെന്ന് പ്രശസ്ത മനോരോഗ വിദഗ്ധ റ്റിഷ റേച്ചല്‍ ജേക്കബ് അഭിപ്രായപ്പെട്ടു. ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതു കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം വക്രയിലെ അലിവിയ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് ഞാന്‍ വിഷാദ രോഗത്തിന് അടിമയോ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ബോധവല്‍ക്കരണ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. കുട്ടികളിലും മുതിര്‍ന്നവരിലും വിഷാദ രോഗവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെക്കുറിച്ചും ചികിത്സ മാര്‍ഗ്ഗങ്ങളെക്കുറിച്ചും ഡോക്ടര്‍ വിശദമാക്കി. മാനസികാരോഗ്യ ചികിത്സയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളെയും സെമിനാറില്‍ തുറന്നുകാട്ടി. അതുപോലെതന്നെ ഈ ഈ മേഖല അനുഭവിക്കുന്ന ഒരു പ്രധാനപ്പെട്ട വെല്ലുവിളിയാണ് സോഷ്യല്‍ സ്റ്റിഗ്മ. ഇതു കാരണം രോഗവിവരം പുറത്തുപറയാനോ ചികിത്സ തേടാനോ ആളുകള്‍ മടിക്കുന്നതായി ഡോക്ടര്‍ അഭിപ്രായപ്പെട്ടു.
മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്ക് സമയബന്ധിതമായി കൃത്യമായ ചികിത്സ നല്‍കുന്നതിലൂടെ ഇത്തരം പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഡോം ഖത്തര്‍ പ്രസിഡന്റ് വി സി മഷ്ഹൂദ് അഭിപ്രായപ്പെട്ടു. ഈ മേഖലയിലെ ചികിത്സ വെല്ലുവിളികളെ കുറിച്ചും ഡോക്ടര്‍മാരുടെ വിശിഷ്യാ മലയാളി ഡോക്ടര്‍മാരുടെ അഭാവവത്തെക്കുറിച്ചും അലീവിയ മെഡിക്കല്‍ സെന്റര്‍ ചീഫ് ഓപ്പറേഷന് ഓഫീസര്‍ ഉദയകുമാര്‍ സെമിനാറില്‍ സംസാരിച്ചു.
സെമിനാറിന് നേതൃത്വം നല്കിയ ഡോക്ടര്‍ റ്റിഷ റേച്ചല്‍ ജേക്കബിന് പ്രസിഡണ്ട് വിസി മഷ്ഹൂദ് സ്നേഹോപഹാരം സമ്മാനിച്ചു. ഡയസ്പോറ ഓഫ് മലപ്പുറം ഹെല്‍ത്ത് വിംഗ് ചെയര്മാന് ഡോക്ടര്‍ ഷഫീഖ് താപ്പി മമ്പാട് അധ്യക്ഷത വഹിച്ച ചടങ്ങിന് ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് ചവിടിക്കുന്നന് സ്വാഗതവും ട്രഷറര്‍ കേശവദാസ് നിലമ്പൂര്‍ നന്ദിയും പറഞ്ഞു. രതീഷ് കക്കോവ്, നിയാസ് പൊന്നാനി,നബ്ഷ മുജീബ്, സൗമ്യ പ്രദീപ്, നൗഫല്‍ കട്ടുപ്പാറ, നിയാസ് കൈപെങ്ങല്‍ അനീസ് കെ ടി, ഇര്ഫാന് പകര, അനീഷ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.