
ഖത്തറില്‍ ചൂട് കനക്കുന്നു, ജാഗ്രത വേണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ചൂട് കനക്കുന്നു, അതീവ ജാഗ്രത വേണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും സാധ്യതയുണ്ട്. ഡീഹൈഡ്രേഷന്, സൂര്യാഘാതം മുതലായവ കരുതിയിരിക്കണം.
താപനില 50 ഡിഗ്രി സെല്ഷ്യസിനടുത്തെത്തുമ്പോള് സൂര്യാഘാതത്തെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണവകുപ്പ് ആവശ്യപ്പെട്ടു.
നിലവില്‍ രാജ്യത്തുടനീളം 34- 47 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുള്ള കാലാവസ്ഥയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിയുന്നതും നല്ല ചൂടുള്ള സമയത്ത് സൂര്യപ്രകാശം നേരിട്ട് കൊള്ളുന്നത് ഓഴിവാക്കണം.
ശരീരത്തില്‍ അമിതമായി സൂര്യ താപമേറ്റ് ചൂടാകുന്നത് മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ് ഹീറ്റ്സ്ട്രോക്ക്. സാധാരണയായി ദീര്‍ഘനേരം വെയിലത്തു നില്‍ക്കുകയോ ശാരീരിക അദ്ധ്വാനത്തിലേര്പ്പെടുകയോ ചെയ്യുന്നതിന്റെ ഫലമായി ശരീര താപനില 104 F (40 C) അതില്‍ കൂടുതലോ ആയി ഉയര്‍ന്നാല്‍ ഹീറ്റ്സ്ട്രോക്ക് സംഭവിക്കാം. കൊടിയ വേനല്‍ക്കാലത്ത് ഈ അവസ്ഥ ഏറ്റവും സാധാരണമാണ്.
ഹീറ്റ്സ്ട്രോക്കിന് അടിയന്തിര ചികിത്സ ആവശ്യമാണ്. അടിയന്തിരമായ ചികിത്സ നല്‍കാത്ത പക്ഷം ഹീറ്റ്സ്ട്രോക്ക് തലച്ചോറ്, ഹൃദയം, വൃക്കകള്‍, പേശികള്‍ എന്നിവയെ സാരമായി ബാധിച്ചേക്കും. അതിനാല്‍ ജാഗ്രതയാണ് ഏറ്റവും പ്രധാനമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി


