Local News
ഓണം

വിനേഷ് ഹെഗ്ഡെ
ഓണം വരവായ് പൊന്നോണം വരവായ്
ഓർമ്മതൻ പൂന്തോപ്പിൽ സൗരഭ്യമായ്
പൊന്നിൻ ചിങ്ങ പുലരിതൻ ശോഭയിൽ
മാനവ ഹൃദയങ്ങൾകാഘോഷമായ്
ഓലപ്പുരയുടെ കോലായിൻ കീഴിലായി
കുഞ്ഞാറ്റ കിളികൾ തൻ ആരവമായ്
കുഞ്ഞിളം കൈകളിൽ കൊട്ടയുമായ്
കുഞ്ഞി കുരുന്നുകൾ പൂ പറിച്ചു
തുമ്പയും ചക്കിയും തിരുതാളിയും
പിന്നെ ചെണ്ടുമല്ലി പൂവും മുക്കുറ്റിയും
ചാണകം മെഴുകിയ ചേലൊത്ത മുറ്റത്തായ്
പൂക്കളം തീർക്കയായ് ഓമനകൾ
കൂട്ടിനായി തുമ്പികൾ പൂമ്പാറ്റകൾ
ആമോദമായ് പറന്നെത്തുന്നല്ലോ
ഓണക്കളികളും കുസൃതിയും പാട്ടുമായ്
ആനന്ദ സ്വർഗമായ് അന്തരംഗം
ഓണം വരവായ് പൊന്നോണം വരവായ്
ഓർമ്മതൻ പൂന്തോപ്പിൽ സൗരഭ്യമായ്