
ഖത്തറില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്ക് ആശ്വാസമായി ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി
അഫ്സല് കിളയില്‍ : –
ദോഹ : ഖത്തറില്‍ വിസാ ചടങ്ങള്‍ ലംഘിച്ച് അനധികൃതമായി താമസിക്കുന്നവര്‍ക്ക് അവരുടെ വിസ സ്റ്റാറ്റസ് ശരിപ്പെടുത്തുന്നതിനും നിയമനടപടികളില്ലാതെ രാജ്യം വിടുന്നതിനുമുള്ള പ്രത്യേക ഇളവുകളുമായി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയത് പ്രവാസി തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാണ്. ഒക്ടോബര്‍ 10 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ തിരഞ്ഞെടുത്ത സേവന കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്കാണ് ഈ ഇളവ് ലഭിക്കുക.
ആഭ്യന്തര മന്ത്രാലയത്തിന്റെ സല്‍വ റോഡിലുള്ള സെര്‍ച്ച് ആന്റ് ഫോളോ അപ്പ് ഡിപ്പാര്‍ട്ട്മെന്റില്‍ ടിക്കറ്റുമായി ഹാജരായാല്‍ നിയമപരമായ കേസുകളില്ലാത്ത പ്രവാസികള്‍ക്ക് യാതൊരു പിഴയും കൂടാതെ രാജ്യം വിടാന്‍ സാധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ മിതമായ പിഴയടച്ചാണ് രാജ്യം വിടുന്നതെങ്കില്‍ ആ ആള്‍ക്ക് പുതിയ വിസയില്‍ ഖത്തറിലേക്ക് തിരിച്ച് വരാനും അവസരമുണ്ടാകും. പിഴയടക്കാതെ പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിടുന്ന ആളുകള്‍ക്ക് പിന്നീട് തിരിച്ച് വരാനാകില്ല എന്നും അറിയുന്നു.
പ്രവാസി സംഘടനകളും പ്രവാസി തൊഴിലാളികളും ഈ വിഷയം ഗൗരവമായി പരിഗണിക്കുകണം. വ്യക്തികള്‍ക്ക് വിസ സ്റ്റാറ്റസ് ശരിപ്പെടുത്തുകയും ചെയ്യാനുള്ള സുവര്‍ണ്ണാവസരമാണിത്. ഡിസംബര്‍ 31ന് ശേഷം യാതൊരു കാരണവശാലും നിയമവിരുദ്ധമായി അനധികൃതമായി താമസിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നും ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്കുന്നു.
2022 ഫിഫ ലോകകപ്പിന് തയ്യാറാകുന്ന ഖത്തറിനെ സംബന്ധിച്ചിടത്തോളം ഖത്തറിലെ മുഴുവന്‍ വിദേശികളും നിയമവിധേയമാണെന്നുറപ്പ് വരുത്തല്‍ വളരെ പ്രധാനമാണ്. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ അഭിമാനകരമായ ഈ പദ്ധതിയുടെ മുന്നോടിയായി നടക്കുന്ന ഈ സംരംഭവുമായി എല്ലാവരും പൂര്‍ണമായും സഹകരിക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം ആഗ്രഹിക്കുന്നത്.
