പരസ്പര വിശ്വാസവും സഹകരണവും ഉറപ്പ് വരുത്താന്‍ യുവാക്കള്‍ മുന്നോട്ട് വരണം
അമാനുല്ല വടക്കാങ്ങര
ദോഹ: സമൂഹത്തില്‍ വിദ്വേഷവും വെറുപ്പും വളര്ത്തുന്നവര്ക്കെതിരില് ജാഗ്രത പുലര്‍ത്തുവാനും പരസ്പര വിശ്വാസവും സഹകരണവും കാത്ത് സൂക്ഷിക്കാന്‍ യുവാക്കള്‍ മുന്നോട്ട് വരണമെന്നും യൂത്ത് ഫോറം കാമ്പയിന് സമാപന സംഗമം അഭിപ്രായപ്പെട്ടു. ‘നമുക്ക് മുന്‍വിധികള്‍ ഒഴിവാക്കാം’ എന്ന തലക്കെട്ടില്‍ ജൂലൈ ആദ്യ വാരം മുതല്‍ നടന്ന കാമ്പയിന് സമാപന സംഗമമാണ് മതാര്‍ ഖദീമിലുള്ള യൂത്ത് ഫോറം ഹാളില്‍ നടന്നത്.
സമാപന സംഗമം സി.ഐ.സി പ്രസിഡന്റ് ഖാസിം ടി.കെ ഉദ്ഘാടനം ചെയ്തു. യൂത്ത് ഫോറം കാമ്പയിന് പ്രമേയം കാലിക പ്രസക്തമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം അകല്ചകള് മാറ്റി വെച്ച് പരസ്പരം അടുക്കുന്നതിലൂടെ മാത്രമേ സമാധാന അന്തരീക്ഷവും പുരോഗതിയും നാട്ടില്‍ ഉറപ്പ് വരുത്താന്‍ കഴിയൂ എന്നും കൂട്ടിച്ചേര്‍ത്തു.
നാടിന്റെ സൗഹാര്‍ദ്ദ പാരമ്പര്യത്തെ ഇല്ലാതാക്കുന്ന ഫാസിസ്റ്റ് ശക്തികള്‍ക്കെതിരില്‍ ജനാധിപത്യ പോരാട്ടം തുടരേണ്ടതുണ്ടെന്നും, അപരവിദ്വേഷം വിതക്കുന്ന വര്‍ഗീയ അജണ്ടകള്‍ക്കെതിരില്‍ ആസൂത്രിതമായ ശ്രമങ്ങള്‍ പ്രവാസ ലോകത്തും വളര്‍ന്ന് വരണമെന്നും സംഗമം അഭിപ്രായപ്പെട്ടു.
യൂത്ത് ഫോറം പ്രസിഡന്റ് എസ്.എസ്. മുസ്തഫ സംഗമത്തില്‍ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജലീല്‍ കാവില്‍ (സംസ്കൃതി), കോയ കൊണ്ടോട്ടി (കെ.എം.സി.സി), അനീസ് മാള (കള്‍ച്ചറല്‍ ഫോറം), സമീര്‍ ഏറാമല (ഇന്‍കാസ്), മുഹമ്മദ് അലി (സോഷ്യല്‍ ഫോറം), പ്രദോഷ് കുമാര്‍ (അടയാളം ഖത്തര്‍) തുടങ്ങിയവര്‍ സംഗത്തില്‍ സംസാരിച്ചു. യൂത്ത് ഫോറം വൈസ് പ്രസിഡന്റ് അസ്ലം ഈരാറ്റുപേട്ട സമാപനം നിര്‍വഹിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഖത്തറിലെ മുപ്പതിലധികം ഇടങ്ങളില്‍ വെര്‍ച്വല്‍ സംവിധാനത്തിലൂടെ പരിപാടി പ്രക്ഷേപണം ചെയ്തു.
സൗഹൃദ സംഗമം, യൂത്ത് മീറ്റുകള്‍, കമ്മ്യുണിറ്റി സര്‍വീസ് പ്രോഗ്രാംസ് തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടത്. യൂത്ത് ഫോറം പത്താം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തില്‍ ഒരു കാമ്പയിന് സംഘടിപ്പിച്ചതെന്ന് കാമ്പയിന് കണ്‍വീനര്‍ ഹബീബ് റഹ്മാന് അറിയിച്ചു. സമാപന സംഗമത്തില്‍ യൂത്ത് ഫോറം ജനറല്‍ സെക്രട്ടറി അബ്സല്‍ അബ്ദുട്ടി സ്വാഗതവും കണ്‍വീനര്‍ ഹബീബ് റഹ്മാന് നന്ദിയും പറഞ്ഞു.