അന്നാബിയുടെ ആക്രമണ നിരക്ക് നേതൃത്വം നല്‍കാന്‍ അഫീഫും അല്‍മോസും
റഷാദ് മുബാറക്
ദോഹ. മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി നടക്കുന്ന ഫിഫ 2022 ലോകകപ്പില്‍ ആതിഥേയരായ അന്നാബിയുടെ ആക്രമണ നിരക്ക് അഫീഫും അല്‍മോസും നേതൃത്വം നല്‍കും. ചടുലമായ നീക്കങ്ങളും നൂതനമായ തന്ത്രങ്ങളുമായി എതിരാളികളുടെ ഗോള്‍വലയങ്ങളെ ഭേദിക്കാനുളള എല്ലാ പരിശീലനങ്ങളും പൂര്‍ത്തിയാക്കിയ 26 അംഗ അന്തിമ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.
2019 ല്‍ ഖത്തറിനെ കന്നി ഏഷ്യന്‍ കപ്പ് കിരീടം നേടാന്‍ സഹായിച്ച മിക്ക കളിക്കാരെയും ടീമിന്റെ ലോകകപ്പ് അരങ്ങേറ്റത്തിന് മുന്നോടിയായി ഹെഡ് കോച്ച് ഫെലിക്സ് സാഞ്ചസ് തിരഞ്ഞെടുത്തിട്ടുണ്ട് .
സ്‌പെയിനില്‍ അല്‍ അന്നാബിയുടെ മൂന്നാമത്തെയും അവസാനത്തെയും പരിശീലന ക്യാമ്പിന് മുമ്പ് സാഞ്ചസ് 27 കളിക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന മിഡ്ഫീല്‍ഡര്‍ അബ്ദുല്‍റഹ്‌മാന്‍ മുസ്തഫയെ ഒഴിവാക്കിയാണ് 26 പേരുടെ അന്തിമ പട്ടിക പ്രഖ്യാപിച്ചത്.
നവംബര്‍ 20 ന് അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലാണ് അന്നാബിയുടെ ഉദ്ഘാടന മല്‍സരം. പരിചയസമ്പന്നരായ കളിക്കാരുടെയും യുവ പ്രതിഭകളുടെയും സമ്മിശ്രമായ ഹസന്‍ അല്‍ ഹെയ്ദോസ് നയിക്കുന്ന അന്നാബി കാല്‍പന്തുകളിലോകത്ത് ചരിത്രം രചിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
160-ലധികം രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിട്ടുള്ള അല്‍ ഹെയ്ദോസിനൊപ്പം ബഹുമുഖ പ്രതിഭകളായ അഫീഫും സ്ട്രൈക്കര്‍ അല്‍മോസും ഉണ്ടാകും . മുഹമ്മദ് മുന്താരി, അഹമ്മദ് അലാല്‍ഡിന്‍, നായിഫ് അല്‍ഹാദ്രാമി എന്നിവരും മുന്നേറ്റ നിരയെ ശക്തമാക്കും.
പരിചയസമ്പന്നരായ ബൗലേം ഖൗഖി, ബാസം അല്‍ റാവി, പെഡ്രോ മിഗ്വല്‍ എന്നിവരെല്ലാം ശക്തമായ പ്രതിരോധ നിലതീര്‍ത്ത് ഗോള്‍കീപ്പര്‍ സഅദ് അല്‍ഷീബിനെ ഗോള്‍ വലയം കാക്കുന്നതില്‍ സഹായിക്കും.
മിഷാല്‍ ബര്‍ഷാം, യൂസഫ് ഹസ്സന്‍ എന്നിവരാണ് ടീമിലെ മറ്റ് രണ്ട് ഗോള്‍കീപ്പര്‍മാര്‍.
പരിചയ സമ്പന്നരായ കരീം ബൗദിയാഫ്, അബ്ദുല്‍ അസീസ് ഹാതിം, ഇസ്മായില്‍ മുഹമ്മദ് എന്നിവരും മധ്യനിരക്കാരില്‍ ഉള്‍പ്പെടുന്നു.
നവംബര്‍ 20 ന് ഇക്വഡോറിനെതിരെ ഉദ്ഘാടനമല്‍സരത്തില്‍ കളിക്കുന്ന ഖത്തര്‍, സ്‌പെയിനിലെ മാര്‍ബെല്ലയില്‍ തുടര്‍ച്ചയായി അഞ്ച് സൗഹൃദ വിജയങ്ങളുടെ പിന്‍ബലത്തിലാണ് ഖത്തറിന്റെ സ്വന്തം മണ്ണില്‍ തങ്ങളുടെ കന്നി ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കുന്നത്.