Uncategorized

ആസാദ് ദാര്‍ശനികനും ദേശീയവാദിയും : ഫോക്കസ് മജ്‌ലിസ്

ദോഹ: സ്വതന്ത്ര ഭാരതത്തിന്റെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാനാ അബുല്‍ കലാം ആസാദ് മികച്ച ദാര്‍ശനികനും ചിന്തകനും ദേശീയവാദിയുമായിരുന്നുവെന്നും വളര്‍ന്നു വരുന്ന തലമുറ പഠിച്ചു മനസ്സിലാക്കേണ്ട ചരിത്രമാണ് അദ്ദേഹത്തിന്റേതെന്നും ഫോക്കസ് മജ്‌ലിസ് അഭിപ്രായപ്പെട്ടു. ‘അബുല്‍ കലാം ആസാദ്; വിസ്മരിക്കാന്‍ കഴിയാത്ത ചരിത്രം’ എന്ന പേരില്‍ ഫോക്കസ് വില്ലയിലെ സിദ്‌റ ഹാളില്‍ സംഘടിപ്പിച്ച ഫോക്കസ് മജ്‌ലിസില്‍ ആണ് വിഷയം ചര്‍ച്ച ചെയ്തത്.
മതേതരത്വമാണ് ഇന്ത്യയുടെ ഐഡന്റിറ്റി എന്ന് ശക്തമായി വാദിച്ച സ്വാതന്ത്ര്യ സമര സേനാനിയാണ് മൗലാനാ അബുല്‍ കലാം ആസാദ് എന്ന് കെ എന്‍ സുലൈമാന്‍ മദനി അഭിപ്രായപ്പെട്ടു. തന്റെ വാക്ചാതുരിയും അര്‍ഥശങ്കക്ക് ഇട നല്‍കാത്ത സംസാരശൈലിയും കൊണ്ടാണ് ‘വാക്കുകളുടെ പിതാവ്’ എന്നര്‍ഥം വരുന്ന ‘അബുല്‍ കലാം’ എന്ന പേര് അദ്ദേഹത്തിന് ലഭിച്ചത്. ജവഹര്‍ലാല്‍ നെഹ്‌റുവും മഹാത്മാ ഗാന്ധിയും ആസാദിനെ ചേര്‍ത്തു വെച്ചത് ലോകം കണ്ട ദാര്‍ശനികരായ പ്ലാറ്റോ അരിസ്റ്റോട്ടില്‍ എന്നിവര്‍ക്കൊപ്പമാണ്. ഹിന്ദു-മുസ്ലിം ഐക്യത്തിന് വേണ്ടി ശക്തമായി ശബ്ദമുയര്‍ത്തിയ ആസാദ് ഇന്ത്യാ-പാക് വിഭജനത്തെ അതിശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു. 35-ാം വയസ്സില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡണ്ടായിരുന്ന അദ്ദേഹം സ്വതന്ത്ര ഭാരത ശില്പികളില്‍ പ്രധാനിയാണ്.
ദാര്‍ശനികന്‍, ദേശീയവാദി, പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, വാഗ്മി, വിദ്യാഭ്യാസ വിചക്ഷകന്‍, അറബി, ഉര്‍ദു, ഇംഗ്ലീഷ് പേര്‍ഷ്യന്‍ ഭാഷകളില്‍ അഗാധ ജ്ഞാനമുള്ള പണ്ഡിതന്‍, സ്വാതന്ത്ര്യ സമര സേനാനി എന്നിങ്ങനെ ഒരു മനുഷ്യന് തന്റെ ആയുസ്സില്‍ ചെയ്തു തീര്‍ക്കാന്‍ പറ്റുന്നതിലും എത്രയോ അധികം കര്‍മ്മമണ്ഡലം അനശ്വരമാക്കിയ മഹത് വ്യക്തിത്വമാണ് ആസാദ്. ചരിത്രത്തില്‍ മായ്ക്കാന്‍ കഴിയാത്ത വിധം ചേര്‍ത്തുവെക്കപ്പെട്ട ഇത്തരം മഹാത്മാക്കളെ വിസ്മരിക്കാന്‍ കാലം അനുവധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍ സി ഒ ഒ അമീര്‍ഷാജി സ്വഗതം പറഞ്ഞ പരിപാടിയില്‍ സി ഇ ഒ ഹാരിസ് പി ടി, അഡ്മിന്‍ മാനേജര്‍ അമീനുര്‍റഹ്‌മാന്‍ എ എസ്, നൗഷാദ് പയ്യോളി, ഡോ. നിഷാന്‍ പുരയില്‍ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. പരിപാടിക്ക് ഫാഇസ് എളയോടന്‍, റാഷിഖ് ബക്കര്‍, മൊയ്തീന്‍ ഷാ, ഹമദ്ബിന്‍ സിദ്ധീഖ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!