Breaking NewsUncategorized

ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് ജൂണ്‍ 9 ന്, രജിസ്ട്രേഷന്‍ മെയ് 30 വരെ


അമാനുല്ല വടക്കാങ്ങര

ദോഹ: ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്കായി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി (സി ഐ സി ) ഇന്ത്യന്‍ ഡോക്ടേഴ്‌സ് ക്ലബുമായി സഹകരിച്ച്, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ മേല്‍നോട്ടത്തില്‍ സംഘടിപ്പിക്കുന്ന പത്തൊന്‍പതാമത് ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് ജൂണ്‍ 9 വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. രാവിലെ 7 മുതല്‍ വൈകുന്നേരം 4.30 വരെ ഐന്‍ ഖാലിദിലെ ഉമ്മുല്‍ സനീം ഹെല്‍ത്ത് സെന്ററിലാണ് ക്യാമ്പ് നടക്കുക.

താഴ്ന്ന വരുമാനക്കാരും കൃത്യമായ വിദഗ്ധ ചികില്‍സകള്‍ക്ക് പ്രയാസം നേരിടുന്നവരുമായ സാധാരണ തൊഴിലാളികളെയും ജീവനക്കാരെയും ലക്ഷ്യമിട്ടാണ് ക്യാമ്പ് . ആയിരങ്ങള്‍ക്ക് ആരോഗ്യരംഗത്തെ മികച്ച സേവനവും ബോധവല്‍കരണവും ലഭ്യമാക്കി വര്‍ഷങ്ങളായി സംഘടിപ്പിച്ചു വരുന്ന ക്യാമ്പ് കോവിഡ് മഹാമാരിക്ക് ശേഷം ഈ വര്‍ഷം വീണ്ടും നടക്കുകയാണ്.

വിശാലമായ ഉമ്മുല്‍ സനീം ഹെല്‍ത്ത് സെന്ററിലെ അത്യാധുനിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് പരിശോധനയും അനുബന്ധ ചികില്‍സകളും ലഭ്യമാക്കുക. ഇന്ത്യന്‍ ഡോക്ടേര്‍സ് ക്ലബ്ബില്‍ നിന്നുള്ള നിരവധി ഡോക്ടര്‍മാര്‍, പാരമെഡിക്കല്‍ ജീവനക്കാര്‍, നൂറുകണക്കിന് വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ സേവനം അനുഷ്ഠിക്കും.

നേത്ര പരിശോധന, ഓര്‍ത്തോപീഡിക് , ഫിസിയോ തെറാപ്പി, കാര്‍ഡിയോളജി, ഇ എന്‍ ടി എന്നിവയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതോടൊപ്പം ഇ.സി.ജി, അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് , കൊളസ്‌ട്രോള്‍, യൂറിന്‍ പരിശോധന, ഓഡിയോ മെട്രി, ഓറല്‍ ചെക്കപ്പ് തുടങ്ങിയ ക്ലിനിക്കല്‍ ടെസ്റ്റുകളും ഒരുക്കുന്നുണ്ട്. മരുന്നുകളും സൗജന്യമായി നല്‍കും.

ആരോഗ്യ ബോധവത്കരണ ക്ലാസുകളും, രക്തദാനം, അവയവ ദാനം, കൗണ്‍സലിംഗ് എന്നിവക്കുള്ള അവസരവും ക്യാമ്പിലുണ്ടാവും. ക്യാമ്പിലേക്കുള്ള രെജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
മെയ് 30 വരെ പേര് രജിസ്റ്റര്‍ ചെയ്യാം.

രജിസ്‌ടേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 6000 7565 ല്‍ ബന്ധപ്പെടാവുന്നതാണ്.

സി ഐ സി പ്രസിഡന്റ് ടി കെ. ഖാസിം, ഇന്ത്യന്‍ ഡോക്ടേഴ്‌സ് ക്ലബ് പ്രസിഡണ്ട് ഡോ. ബിജു ഗഫൂര്‍, സി ഐ സി വൈസ് പ്രസി.കെ.സി. അബ്ദുല്‍ ലത്തീഫ്, ഇന്ത്യന്‍ ഡോക്ടേഴ്‌സ് ക്ലബ് ജനറല്‍ സെക്രട്ടറി സൈബു ജോര്‍ജ് , സെക്രട്ടറി മക് തും അബ്ദുല്‍ അസീസ്,സി ഐ സി ജനസേവന വിഭാഗം കണ്‍വീനര്‍ പി.പി. അബ്ദുറഹീം, ക്യാമ്പ് ജനറല്‍ കണ്‍വീനര്‍ പി കെ സിദ്ദീഖ് തുടങ്ങിയവരാണ് ക്യാമ്പ് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Related Articles

Back to top button
error: Content is protected !!