പെരുന്നാള്‍ ദിവസം അല്‍ ഖോറില്‍ വാഹനാപകടത്തില്‍ മരിച്ച അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലേക്കയക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. പെരുന്നാള്‍ ദിവസം ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തിയ അല്‍ ഖോര്‍ വാഹനാപകടത്തില്‍ മരിച്ച അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലേക്കയക്കുമെന്ന് ഖത്തര്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മറ്റി , അല്‍ ഇഹ് സാന്‍ ഭാരവാഹികള്‍ അറിയിച്ചു. പെരുന്നാള്‍ അവധി ദിവസങ്ങളായതിനാലും മറ്റും സാങ്കേതിക പ്രശ്‌നങ്ങളാലുമാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ കാലതാമസം നേരിട്ടത്. എങ്കിലും അപകടം സംഭവിച്ചതുമുതല്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായി മൃതദേഹങ്ങള്‍ എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോകുന്നത് വരെയും കെഎംസിസി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ പ്രവര്‍ത്തകര്‍ ഈ ദൗത്യത്തിലായിരുന്നു.
ഓരോ വിമാനത്തിലും കൊണ്ടുപോകാവുന്ന മൃതദേഹങ്ങളുടെ എണ്ണം പരിമിതമായതിനാല്‍ കൊല്ലം കരുനാഗപ്പളളി സ്വദേശികളായ ആന്‍സി റോഷന്‍ (30), റോഷന്‍ ജോണ്‍ (38) എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് വൈകുന്നേരം 7.30 ന്റെ ഖത്തര്‍ എയര്‍വേസ് ഫ്ളൈറ്റില്‍ തിരുവനന്തപുരത്തേക്കും ജിജോ ഗോമസിന്റെ (33) മൃതദേഹം വൈകുന്നേരം 7.30 ന്റെ ഖത്തര്‍ എയര്‍വേസ് ഫ്ളൈറ്റില്‍ കൊച്ചിയിലേക്കുമാണ് കൊണ്ടുപോകുന്നത്. ഇവരുടെ മൃതദേഹങ്ങള്‍ ഇതിനകം തന്നെ എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോയി.
അപകടത്തില്‍ മരിച്ച തമിഴ്‌നാട് സ്വദേശികളായ പ്രവീണ്‍കുമാര്‍ ശങ്കര്‍ (38), നാഗലക്ഷ്മി ചന്ദ്രശേഖരന്‍ (32) എന്നിവരുടെ മൃതദേഹങ്ങള്‍ രാത്രി 10.30 നു ശ്രീലങ്കന്‍ എയര്‍വേസില്‍ തൃച്ചിയിലേക്കാണ് കൊണ്ടുപോകും.
കെഎംസിസി ഖത്തര്‍ – അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ എംബസിയുടെയും ഐസിബിഎഫിന്റേയും സഹകരണത്തോടെ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അനുശോചനം അറിയിക്കുന്നതായും ഖത്തര്‍ കെഎംസിസി പറഞ്ഞു.