ജൂലൈ മാസത്തെ അപേക്ഷിച്ച് ഓഗസ്റ്റില്‍ ഖത്തറിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം കുറഞ്ഞതായി റിപ്പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര
ദോഹ: ജൂലൈ 2023 നെ അപേക്ഷിച്ച് ഓഗസ്റ്റില്‍ ഖത്തറിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം 8.5 ശതമാനം കുറഞ്ഞതായി പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ പ്രതിമാസ സ്ഥിതിവിവരക്കണക്ക് ബുള്ളറ്റിന് വ്യക്തമാക്കുന്നു.
ഓഗസ്റ്റില്‍ ഇന്‍ബൗണ്ട് സന്ദര്‍ശകരുടെ ആകെ എണ്ണം ഏകദേശം 264,000 ആയിരുന്നു. 2022 ഓഗസ്റ്റിനെ അപേക്ഷിച്ച് 78 ശതമാനം വാര്‍ഷിക വര്‍ദ്ധനവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്.
ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ ജിസിസി രാജ്യങ്ങളില്‍ നിന്നാണെന്നും കൂടുതല്‍ പേരും വിമാനം വഴി വന്നവരാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. മൊത്തം സന്ദര്‍ശകരുടെ 43 ശതമാനവും ജിസിസി രാജ്യങ്ങളില്‍ നിന്നായിരുന്നു. മൊത്തം സന്ദര്‍ശകരുടെ 62 ശതമാനവും വിമാനമാര്‍ഗമാണ് ഖത്തറിലെത്തിയത്. .
2023 ജൂലൈയെ അപേക്ഷിച്ച് ഓഗസ്റ്റില്‍ ഖത്തറിന്റെ തുറമുഖങ്ങളില്‍ എത്തിയ മൊത്തം കപ്പലുകളുടെ എണ്ണത്തില്‍ 10.3 ശതമാനം വര്‍ധനവുണ്ടായതായും കപ്പലുകളുടെ മൊത്തം ടണ്ണേജ് 2023 ജൂലൈയെ അപേക്ഷിച്ച് 22.1 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.