Uncategorized

ടികെഎം എഞ്ചിനീയറിംഗ് കോളേജ് ഖത്തര്‍ അലുംനി കാല്‍പ്പന്ത് ’23 ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഉജ്വല തുടക്കം

ദോഹ. ബീക്കോണ്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ ടികെഎം എഞ്ചിനീയറിംഗ് കോളേജ് ഖത്തര്‍ അലുംനി സംഘടിപ്പിക്കുന്ന ഇന്റര്‍ എഞ്ചിനീയറിംഗ് കോളേജ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ”കാല്‍പ്പന്ത്’23” ന് ഹാമില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ മികച്ച തുടക്കം.

എന്‍ജിനീയര്‍സ് ഫോറം സ്‌പോര്‍ട്‌സ് സെക്രട്ടറിയും, മുന്‍ ജില്ലാ ലീഗ് താരവുമായ ലബീബ് വി.ടി യുടെ കിക്കോഫോടെ ആരംഭിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആദ്യ റൗണ്ട് മാച്ചുകള്‍ക്ക് ശേഷം ഐ. എസ്. സി. അഡൈ്വസറി കമ്മറ്റി ചെയര്‍മാന്‍ ഡോ. മോഹന്‍ തോമസ് ഉദ്ഘാടനം ചെയ്തു. ഐ. എസ്. സി. പ്രസിഡന്റ് ഇപി അബ്ദുറഹ്‌മാന്‍, പ്രധാന സ്‌പോണ്‍സര്‍മാരായ ബീ കോണ്‍ ഗ്രൂപ്പില്‍ നിന്നും ഷഹീം, ആഷിഖ് , റഫീഖ്, എന്നിവരും, ഐ.ആര്‍.എം ഓഫ്‌ഷോര്‍ സര്‍വീസസില്‍ നിന്നും ജിതേഷ് ജ്യോതി, മറ്റു സ്‌പോണ്‍സര്‍മാരുടെ പ്രധിനിധികളും പങ്കെടുത്തു.

ടികെഎം അലുംനി ഖത്തര്‍ പ്രസിഡന്റ് അനില്‍കുമാര്‍ സ്വാഗതം ചെയ്ത് തുടങ്ങിയ ചടങ്ങില്‍ ഇ. എഫ് ജനറല്‍ സെക്രട്ടറി സാകിര്‍ ഹുസൈന്‍, ഇ. എഫ് വൈസ് പ്രസിഡന്റ് സലീം അബുക്കര്‍, ടി.കെ.എം ഖത്തര്‍ സ്‌പോര്‍ട്‌സ് സെക്രട്ടറി ഷമീം ബഷീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ആവേശകരമായ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്കു ശേഷം ഗവണ്മെന്റ്എഞ്ചിനീയറിംഗ് കോളേജ് തൃശൂര്‍, എംഇഎ എഞ്ചിനീയറിംഗ് കോളേജ് പെരിന്തല്‍മണ്ണ, എംഇസ് എഞ്ചിനീയറിംഗ് കോളേജ് കുറ്റിപ്പുറം, അല്‍ അമീന്‍ എഞ്ചിനീയറിംഗ് കോളേജ് ഷൊര്‍ണൂര്‍ എന്നീ ടീമുകള്‍ സെമിഫൈനലില്‍ പ്രവേശിച്ചു.
കേരളത്തിലെ പതിനാറ് എന്‍ജീനിയറിംഗ് കോളേജ് അലുമിനി ടീമുകളാണ് ബീകോണ്‍ കാല്‍പ്പന്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പോരാടിയത്. ഒരു മാസം മുന്നെ തന്നെ പ്രഖ്യാപിച്ച കാല്‍പ്പന്ത്’ 23, പാര്‍ട്ണര്‍ കൂടിയായ റേഡിയോ സുനോയിലെ ട്രോഫി റിവീലിംഗ് ചടങ്ങിലൂടെ മികച്ച പ്രചാരം നേടിയിരുന്നു.
മാച്ചുകള്‍ക്ക് പുറമേ, ഫണ്‍ ഗെയ്മുകള്‍, ആര്‍ട്ട് എക്‌സിബിഷനുകള്‍, നൃത്ത പ്രകടനങ്ങള്‍ തുടങ്ങിവയവ ആദ്യദിനത്തിനു മാറ്റ് കൂട്ടി. ഒക്ടോബര്‍ ആറാം തീയതി സെമിഫൈനല്‍-ഫൈനല്‍ മത്സരങ്ങളും, വനിതകളുടെ പെനാല്‍ട്ടി ഷൂട്ടൗട്ടും നടക്കും.
ഫൈനല്‍ ദിനത്തില്‍ ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ താരവും അല്‍ അറബി സ്‌പോര്‍ട്ട്‌സ് ക്ലബ് താരവുമായ ഇബ്‌റാഹിം നാസര്‍ കാല, വിശിഷ്ട അതിഥിയായി പങ്കെടുക്കും. ഡാന്‍സ് പെര്‍ഫോര്‍മെന്‍സുകളും മറ്റു കലാപരിപാടികളും കൊഴുപ്പേകുന്ന ഫൈനല്‍ ദിനം അക്ഷരാര്‍ത്ഥത്തില്‍ ഫുട്‌ബോള്‍ മാമാങ്കത്തിനു സാക്ഷ്യം വഹിക്കുമെന്ന് കോ-ഓര്‍ഡിനേറ്റര്‍മാരായ ഷിയാദ്, ഖാലിദ്, സൗദ, എന്നിവര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!