യുഎഇ പ്രസിഡണ്ടിന് ഖത്തറില്‍ ഊഷ്മളമായ വരവേല്‍പ്പ്

ദോഹ : യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഖത്തറില്‍ ഊഷ്മളമായ വരവേല്‍പ്പ് . ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യുഎഇ പ്രസിഡന്റിനെയും പ്രതിനിധി സംഘത്തെയും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി സ്വീകരിച്ചു.
ഖത്തര്‍ അമീറിന്റെ പ്രതിനിധി ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍ താനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനി, ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍ താനി, ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേന (ലെഖ്വിയ) കമാന്‍ഡറുമായ ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍ താനി, നിരവധി ഷെയ്ഖുമാര്‍, ഉന്നത തല പ്രതിനിധികള്‍ എന്നിവരും ഷെയ്ഖ് മുഹമ്മദിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
ഷെയ്ഖ് മുഹമ്മദിനെ അനുഗമിക്കുന്ന പ്രതിനിധി സംഘത്തില്‍ ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം; പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ സ്‌പെഷ്യല്‍ അഫയേഴ്സ് ഡെപ്യൂട്ടി ചെയര്‍മാന്‍ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ , യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്നൂണ്‍ അല്‍ നഹ്യാന്‍; സുപ്രീം കൗണ്‍സില്‍ ഫോര്‍ നാഷണല്‍ സെക്യൂരിറ്റി സെക്രട്ടറി ജനറല്‍ അലി ബിന്‍ ഹമ്മദ് അല്‍ ഷംസി; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ഇക്കണോമി, റിമോട്ട് വര്‍ക്ക് ആപ്ലിക്കേഷനുകള്‍ എന്നിവയുടെ സഹമന്ത്രി ഒമര്‍ സുല്‍ത്താന്‍ അല്‍ ഒലാമ; പ്രസിഡന്റിന്റെ തന്ത്രപരമായ ഗവേഷണ, നൂതന സാങ്കേതിക കാര്യ ഉപദേഷ്ടാവ് ഫൈസല്‍ അബ്ദുല്‍ അസീസ് അല്‍ ബന്നായ് എന്നിവരും ഉണ്ടായിരുന്നു.

