വോട്ടര്‍ പട്ടിക പരിഷ്കരണം:ജാഗ്രതാ കാമ്പയിനുമായി ഐ.സി.എഫ്

ദോഹ : കേരളത്തില്‍ ആരംഭിച്ച തീവ്ര വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തില്‍ പ്രവാസികളെ ബോധവല്‍കരിക്കുന്നതിനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കുന്നതിനുമായി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന് (ഐസിഎഫ്) ജാഗ്രതാ കാമ്പയിന് ആചരിക്കും. ‘ പ്രവാസികള്‍ നാടിന്റെ നട്ടെല്ല് ‘ എന്നതാണ് കാമ്പയിന് പ്രമേയം. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന കാമ്പയിനിന്റെ ഭാഗമായി വിവിധ പരിപാടികള്‍ ആവിഷ്കരിച്ചിട്ടുണ്ട്.
കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വികസനത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന പ്രവാസികള്‍ ജനാധിപത്യ പ്രകിയയില്‍ നിന്ന് പുറംതള്ളപ്പെട്ട് പോകരുത്. നിലവിലെ നടപടിക്രമമനുസരിച്ച്, വോട്ടര്‍ പട്ടികയില്‍ മുന്‍പ് ഇടം നേടിയവര്‍ക്ക് ഓണ്‍ലൈനായി രേഖകള്‍ അപ്ലോഡ് ചെയ്യാന്‍ സാധിക്കുമെങ്കിലും, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീട്ടില്‍ വന്നു നേരിട്ട് പരിശോധിച്ച് അവിടുത്തെ താമസക്കാരനാണെന്ന് കുടുംബങ്ങള്‍ ഉറപ്പ് വരുത്തുന്നതോടെ മാത്രമേ വോട്ടവകാശം ഉറപ്പിക്കാനാവൂ.
കാമ്പയിനിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ഡ്രൈവ്, ജാഗ്രതാ സംഗമങ്ങള്‍, കാള്‍ ചെയ്ന്‍ സിസ്റ്റം, ഹെല്‍പ്പ് ഡെസ്ക് , എന്നിവ വിവിധ ഘടകങ്ങളിലായി സംഘടിപ്പിക്കും.
പ്രസിഡണ്ട് അഹമ്മദ് സഖാഫി പേരാമ്പ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഐ സി എഫ് നാഷണല്‍ ക്യാബിനറ്റ് യോഗത്തില്‍ , ഐ സി എഫ് ഇന്റര്‍നാഷണല്‍ എച്ച ആര് ഡി പ്രസിഡണ്ട് അബ്ദുറസാഖ് മുസ്ലിയാര് പറവണ്ണ , ഇക്കണോമിക് സെക്രട്ടറി സിറാജ് ചൊവ്വ , നാഷണല്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് ശാഹ് ആയഞ്ചേരി , ഡെപ്യൂട്ടി പ്രസിഡന്റുമാരായ അബ്ദുല്‍ അസീസ് സഖാഫി പാലൊളി. അബ്ദുല്‍ സലാം ഹാജി പാപ്പിനിശ്ശേരി , ജമാല്‍ അസ്ഹരി , കെ ബി അബ്ദുല്ല ഹാജി , വിവിധ വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു .
