അലിയാര്‍ ഖാസിമിക്ക് സ്വീകരണം നല്‍കി

ദോഹ: ശൈഖ് അബ്ദുല്ലാഹ് ബിന്‍ സൈദ് അല്‍ മഹ്‌മൂദ് കള്‍ച്ചറല്‍ സെന്ററിന്റെ അതിഥിയായി ഖത്തറില്‍ എത്തിയ പ്രശസ്ത ഇസ്ലാമിക പണ്ഡിതനും വാഗ്മിയുമായ അലിയാര്‍ ഖാസിമിക്ക് മദീന ഖലീഫ നോര്‍ത്തിലെ ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ആസ്ഥാനത്ത് സ്വീകരണം നല്‍കി.
സ്‌നേഹത്തിനും സാഹോദര്യത്തിനും ഇസ്ലാമില്‍ ഏറെ പ്രാധാന്യമുണ്ട്, അതുകൊണ്ട് മുസ്ലിം സഹോദരങ്ങള്‍ തമ്മില്‍ സംഘടനാ വൈവിധ്യങ്ങള്‍ക്കപ്പുറത്ത് സ്‌നേഹത്തോടെയും സൗഹാര്‍ദ്ദത്തോടെയും വര്‍ത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സ്‌നേഹത്തെയും സൗഹാര്‍ദ്ദത്തെയും കുറിച്ച് പ്രബോധനം നടത്തേണ്ട ഒരു കാലഘട്ടമാണ് ഇത്. സ്‌നേഹം കൊണ്ടാണ് ഇസ്ലാം ലോകം കീഴടക്കിയതെന്നും പുഞ്ചിരിയും പ്രാര്‍ത്ഥന കൊണ്ട് അഭിവാദ്യം ചെയ്യലും ഹസ്തദാനവും ഈ സ്‌നേഹ പ്രകടനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ചടങ്ങില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് സിറാജ് മദനി ഇരിട്ടി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ലത്തീഫ് നല്ലളം സ്വാഗതവും ഷമീര്‍ വലിയവീട്ടില്‍ നന്ദിയും പറഞ്ഞു. പരിപാടിക്ക് താജുദ്ദീന്‍ മുല്ലവീടന്‍, നസീര്‍ പാനൂര്‍, കെ കെ അബ്ദുറഹ്‌മാന്‍ സലഫി, ഷാഹുല്‍ ഹമീദ്, ഹമീദ് കല്ലിക്കണ്ടി, അജ്മല്‍ ജൗഹര്‍, ഹമദ് ബിന്‍ സിദ്ധീഖ്, റിയാസ് വാണിമേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

