Breaking News

2022 ബില്‍ഡിംഗ് , ഫിഫ ലോക കപ്പിനുള്ള ഖത്തറിന്റെ സമ്മാനം

അമാനുല്ല വടക്കാങ്ങര

ദോഹ: ദോഹ സ്‌പോര്‍ട്‌സ് സിറ്റിയില്‍ വേറിട്ടുനില്‍ക്കുന്ന 2022 ബില്‍ഡിംഗ് , ഫിഫ ലോക കപ്പിനുള്ള ഖത്തറിന്റെ സമ്മാനമായിരിക്കും.
കഴിഞ്ഞ 12 വര്‍ഷത്തെ രാജ്യത്തിന്റെ കഠിനാധ്വാനത്തിന്റെയും പ്രതിബദ്ധതയുടെയും സ്മാരകമായ ഈ കെട്ടിടം ഭാവി തലമുറകള്‍ക്കുള്ള ഒരു തകര്‍പ്പന്‍ വാസ്തുവിദ്യാ മാസ്റ്റര്‍പീസായി തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തിന്റെ വികസനത്തിലെ ഒരു പ്രധാന നാഴികക്കല്ലിന്റെ ഓര്‍മ്മപ്പെടുത്തലായ ഈ കെട്ടിടം രൂപപ്പെട്ടത് രണ്ട് പ്രമുഖ വ്യക്തികളുടെ ചിന്താസമന്വയത്തിലൂടെയാണ് .

2022 എന്ന നമ്പര്‍ എങ്ങനെ ഒരു കെട്ടിടമാക്കി മാറ്റാനാകുമെന്ന വെല്ലുവിളിയേറ്റെടുക്കുവാന്‍ ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ താനി പ്രശസ്ത ആര്‍ക്കിടെക്റ്റ് ഇബ്രാഹിം എം.ജൈദയോട് ആവശ്യപ്പെട്ടതാണ് ഖത്തറിന്റെ ഏറ്റവും ശ്രദ്ധേയമായ സംഭവവികാസങ്ങളിലൊന്നായ ഐകോണിക് 2022-ന്റെ വികസനത്തിലേക്ക് നയിച്ചത്.

ഒരു വര്‍ഷത്തോട് സാമ്യമുള്ള ലോകത്തിലെ ആദ്യത്തെ കെട്ടിടമാണ് ഐകണിക് 2022 ബില്‍ഡിംഗ് എന്നാണ് പറയപ്പെടുന്നത്. ലളിതമായ ആശയത്തോടെയുള്ള അതുല്യമായ ഘടന ഏറെ ആകര്‍ഷകമാണ് . ലോക കപ്പ് സ്റ്റേഡിയങ്ങളിലൊന്നായ തുമാമ സ്റ്റേഡിയത്തിന്റെ മുഖ്യ ശില്‍പിയായ ഇബ്രാഹിം ജൈദയുടെ മറ്റൊരു നിസ്തുല ശില്‍പമായി 2022 ബില്‍ഡിംഗ് മാറുകയായിരുന്നു.

ഐകോണിക് 2022 ലോകകപ്പിന്റെ മൂന്നാം സ്ഥാനക്കാര്‍ക്കുള്ള പ്ലേ ഓഫ് വരെയുള്ള മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന് സമീപമാണ് . കായിക വികസനത്തിനുള്ള ഖത്തറിന്റെ പ്രതിബദ്ധതയെ പിന്തുണയ്ക്കുന്ന ആസ്പയര്‍ സോണ്‍, ആസ്പയര്‍ അക്കാദമി, അസ്പതാര്‍ എന്നിവയുടെ സമീപമാണ് എന്നതും ഈ കെട്ടിടത്തിന്റെ കായിക പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

ഒരു ടൂറിസ്റ്റ് ഹോട്ട് സ്പോട്ട് എന്നതിനൊപ്പം, ഓഫീസുകളും ജിംനേഷ്യങ്ങളും ഒരു സൂപ്പര്‍മാര്‍ക്കറ്റും വൈവിധ്യമാര്‍ന്ന ഡൈനിംഗ് ഓപ്ഷനുകളും അടങ്ങുന്ന ഒരു മള്‍ട്ടി പര്‍പ്പസ് കെട്ടിടമാണ് ഐകണിക് 2022.

ശൈഖ് നാസറിനെ സംബന്ധിച്ചിടത്തോളം, ഖത്തറിന്റെ ലോകകപ്പ് ദര്‍ശനത്തിന് എന്നെന്നേക്കുമായി ആദരാഞ്ജലികള്‍ അര്‍പ്പിക്കുമ്പോള്‍ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നതും അദ്ദേഹത്തിന്റെ ലക്ഷ്യമാണ് . ‘ഈ കെട്ടിടം വരും വര്‍ഷങ്ങളിലും ഇവിടെയുണ്ടാകും. ഈ കെട്ടിടത്തിലൂടെ കടന്നുപോകുമ്പോഴെല്ലാം ഞങ്ങളുടെ ലോകകപ്പ് സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയതിന്റെ അത്ഭുതം വരും തലമുറകള്‍ ഓര്‍ക്കുമെന്നാണ് ശൈഖ് നാസര്‍ പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button
error: Content is protected !!