നിര്‍ദ്ദിഷ്ട സമയത്തിന് 6 മാസം മുമ്പ് അല്‍ സദ്ദ് സ്ട്രീറ്റിലെ പ്രധാന പാതകള്‍ ഗതാഗതത്തിന് തുറന്ന് പബ്ളിക് വര്‍ക്സ് അതോരിറ്റി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ദോഹയുടെ വിവിധ പ്രദേശങ്ങളിലെ റോഡ് മെച്ചപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ അല്‍ സദ്ദിലെ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ നിര്‍ദ്ദിഷ്ട സമയത്തിന് 6 മാസം മുമ്പ് പൂര്‍ത്തിയാക്കി അല്‍ സദ്ദ് സ്ട്രീറ്റിലെ പ്രധാന പാതകള്‍ ഗതാഗതത്തിന് തുറന്ന് കൊടുത്തതായി പബ്ളിക് വര്‍ക്സ് അതോരിറ്റി അറിയിച്ചു. ഓരോ ദിശയിലും മൂന്ന് പാതകള്‍ വീതം ഗതാഗതത്തിനായി തുറന്നിട്ടുണ്ട്.
3.2 കിലോമീറ്റര്‍ നീളത്തില്‍ അല്‍ സാദും ജവാന്‍ സ്ട്രീറ്റും നവീകരിക്കുന്നതിനൊപ്പം അല്‍ സദ്ദ് ഇന്റര്‍സെക്ഷന്‍ നവീകരിക്കുക, ഇന്റര്‍സെക്ഷനിലും പരിസരത്തുമുള്ളള ഇന്‍ഫ്രാസ്ട്രക്ചര്‍ യൂട്ടിലിറ്റി സേവനങ്ങള്‍ വികസിപ്പിക്കുക എന്നിവയാണ് പദ്ധതിയില്‍ നടപ്പാക്കേണ്ടത്. മൊത്തത്തില്‍ പദ്ധതിയുടെ 40 ശതമാനം ഇതിനകം പൂര്‍ത്തിയായതായി അശ്ഗാല്‍ അറിയിച്ചു.
അല്‍ സദ്ദ് സ്ട്രീറ്റിലെ പ്രധാനപാത ഷെഡ്യൂള്‍ ചെയ്ത തീയതിക്ക് ആറുമാസം മുമ്പുതന്നെ ഗതാഗതത്തിന് തുറന്ന് കൊടുത്തതായി എന്‍ജിനീയര്‍ അലി സാമി ജമാല്‍ പറഞ്ഞു.
അല്‍ സദ്ദ് ഇന്റര്‍സെക്ഷനില്‍ അപ്‌ഗ്രേഡിംഗ് ജോലികള്‍ ചെയ്യുന്നതിനുപുറമെ, അല്‍ സദ്ദ് സ്ട്രീറ്റിലെയും ജവാന്‍ സ്ട്രീറ്റിലെയും പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ സര്‍വീസ് റോഡുകളും സൗന്ദര്യവല്‍ക്കരണവും ലാന്‍ഡ്സ്‌കേപ്പിംഗ് ജോലികളും ഉള്‍പ്പെടുന്നു. എല്ലാ പ്രവൃത്തികളും 2021 ന്റെ നാലാം പാദത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
6.4 കിലോമീറ്റര്‍ കാല്‍നട പാതകളും സൈക്കിള്‍ പാതകളും ഉണ്ടാക്കുക, ലാന്‍ഡ്സ്‌കേപ്പിംഗ് ജോലികള്‍, രണ്ട് തെരുവുകളിലെയും തെരുവ് വിളക്കുകള്‍ സ്ഥാപിക്കല്‍ എന്നിവയും ഈ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടും.
ഖത്തറിലെ ദേശീയ സാമ്പത്തിക വികസനവും സാമൂഹിക വളര്‍ച്ചാ ആവശ്യങ്ങളും നേരിടാന്‍ ദോഹനഗരത്തിലെ നിലവിലുള്ള സേവനങ്ങളും യൂട്ടിലിറ്റികളും മെച്ചപ്പെടുത്തുന്നതിനും റോഡ് ശൃംഖല നവീകരിക്കുന്നതിനുമുള്ള അശ്ഗാലിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി. ഗള്‍ഫ് എഞ്ചിനീയറിംഗ്, ഇന്‍ഡസ്ട്രിയല്‍ കണ്‍സള്‍ട്ടന്‍സിയുടെ മേല്‍നോട്ടത്തില്‍ ജെഎച്ച് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് അശ്ഗാലിന് വേണ്ടി ഈ പദ്ധതി നടപ്പാക്കുന്നത്.