ഹമദ് തുറമുഖത്ത് ഫുഡ് സേഫ്റ്റി ലാബ് തുടങ്ങി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സെന്‍ട്രല്‍ ഫുഡ് ലബോറട്ടറികളുമായി ബന്ധപ്പെട്ട് ഹമദ് തുറമുഖത്ത് ആരംഭിച്ച ഭക്ഷ്യ സുരക്ഷ ലാബ് ( ഫുഡ് സേഫ്റ്റി ലാബ് ) പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനന്‍ മുഹമ്മദ് അല്‍ കുവാരിയും, ഗതാഗത, വാര്‍ത്താവിനിമയ മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈതിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ചടങ്ങിനെത്തുടര്‍ന്ന്, മന്ത്രിമാര്‍ ലാബ് സന്ദര്‍ശിക്കുകയും ചുമതലയുള്ള ഉദ്യോഗസ്ഥരില്‍ നിന്ന് സംക്ഷിപ്തമായ വിവരണം കേള്‍ക്കുകയും ചെയ്തു.
മികച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഭക്ഷ്യസുരക്ഷാ മാനേജ്മെന്റ് സംവിധാനത്തിന്റെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ താത്പര്യം പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി വിശദീകരിച്ചു.
പ്രാദേശിക വിപണിയില്‍ ഭക്ഷണത്തിന്റെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് സഹായകമാകുന്ന തരത്തില്‍ ഫലങ്ങളുടെ കൃത്യതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് അന്താരാഷ്ട്ര അംഗീകാരമുള്ള വിശകലന തന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ലാബ് പ്രവര്‍ത്തിക്കുക
പ്രധാന തുറമുഖങ്ങളില്‍ ലാബുകള്‍ തുറക്കുന്നത് ഭക്ഷ്യ ഇറക്കുമതിയുടെ ക്ലിയറന്‍സ് നടപടിക്രമങ്ങള്‍ക്ക് സഹായകമാകുമെന്ന് അവര്‍ പറഞ്ഞു. ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് തന്നെ ലാബ് അന്താരാഷ്ട്ര അക്രഡിറ്റേഷന്‍ (ഐഎസ്ഒ 17025) നേടിയതായി അദ്ദേഹം സൂചിപ്പിച്ചു.
ലാബില്‍ പത്ത് ടെസ്റ്റ് സെന്ററുകളും രാസവസ്തുക്കളുടെ ഒരു സ്റ്റോറും ഉള്‍പ്പെടുന്നു. ഭക്ഷണത്തിന്റെ വിശകലനവും നിയന്ത്രണവും ത്വരിതപ്പെടുത്തുക, ഇറക്കുമതിചെയ്യുന്ന ഭക്ഷണ സാധനങ്ങള്‍ വേഗം ക്ളിയര്‍ ചെയ്യുവാന്‍ സഹായിക്കുക, തുറമുഖങ്ങളിലെ സംഭരണഭാരം കുറയ്ക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.
‘ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയുടെ ഉദ്ഘാടനം ഹമദ് തുറമുഖത്തിന്റെ നേട്ടങ്ങളുടെ ഒരു പുതിയ കൂട്ടിച്ചേര്‍ക്കലായി കണക്കാക്കപ്പെടുന്നുവെന്ന് ഗതാഗത, വാര്‍ത്താവിനിമയ മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈതി പറഞ്ഞു. വ്യാപാരികളുടെയും ഇറക്കുമതിക്കാരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഖത്തറിലെ ഭക്ഷ്യ ഇറക്കുമതി കമ്പനികളുടെ ഇടപാടുകള്‍ വേഗത്തിലാക്കുന്നതിന് ലാബ് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.