2022 ഖത്തര്‍ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്മാരക സ്റ്റാമ്പുമായി ഖത്തര്‍ പോസ്റ്റ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. 2022 ഖത്തര്‍ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്മാരക സ്റ്റാമ്പുമായി ഖത്തര്‍ പോസ്റ്റ്. ഖത്തര്‍ തപാല്‍ സര്‍വീസസ് കമ്പനി (ഖത്തര്‍ പോസ്റ്റ്) ലോകകപ്പിന്റെ ഇന്റര്‍നാഷണല്‍ ഗവേണിംഗ് ബോഡിയായ ഫിഫയുമായി ലൈസന്‍സ് കരാറില്‍ ഒപ്പിട്ടതിനെതുടര്‍ന്ന് ആദ്യ സ്റ്റാമ്പ് ഇന്നലെ ( ഏപ്രില്‍ ഒന്നിന് ) പുറത്തിറക്കി.
ലൈസന്‍സ് കരാര്‍ പ്രകാരം 2021 മുതല്‍ 2022 വരെ പതിനൊന്ന് ലക്കം സ്റ്റാമ്പുകളുടെ ഒരു പ്രോഗ്രാം ഖത്തര്‍ പോസ്റ്റ് പുറത്തിറക്കും. ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന്റെ ചിഹ്നം ഉള്‍ക്കൊള്ളുന്ന ആദ്യ സ്റ്റാമ്പാണ്് ഇന്നലെ പുറത്തിറക്കിയത്.
ഖത്തറിലെ ഫുട്ബോളിന്റെ സമ്പന്നമായ ചരിത്രം അടയാളപ്പെടുത്തുന്നതോടൊപ്പം 2022 ല്‍ ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പിന്റെ ഓരോ ഘട്ടവും ആഘോഷിക്കുന്നതിനാണ് സ്റ്റാമ്പുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഉപഭോക്താക്കളുടെ ആസ്വാദനത്തിനായി അത്യാധുനിക ഓഗ്‌മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ച് ഖത്തര്‍ പോസ്റ്റിന്റെ നൂതന രൂപകല്‍പ്പനകള്‍ക്ക് ജീവന്‍ നല്‍കുന്ന വിഐപി ഫോള്‍ഡറുകള്‍, ആദ്യ ദിവസത്തെ കവറുകള്‍, സ്മാരക സ്റ്റാമ്പ് സെറ്റുകള്‍ എന്നിവയും തയ്യാറാക്കുന്നുണ്ട്.