ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ കോവിഡ് വാക്സിനേഷന് വരുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്തി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ കോവിഡ് വാക്സിനേഷന് വരുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്തിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിരോധ കുത്തിവയ്പ് എടുക്കാന്‍ ആവരുന്നവരുടെ പ്രവേശനവും വെയിറ്റിംഗും ക്രമപ്പെടുത്തിട്ടുണ്ട്.
കേന്ദ്രത്തിലെത്തുന്നവരുടെ സുരക്ഷയും സൗകര്യവും പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ വരവ്, കാത്തിരിപ്പ് സംവിധാനം എന്നിവ പഠിക്കുന്നതിനും വിലയിരുത്തുന്നതിനുമായി നിരവധി അധികാരികളുടെ പങ്കാളിത്തത്തോടെ ഒരു വര്‍ക്കിംഗ് ടീം രൂപീകരിച്ചിരുന്നു. അവരുടെ റിപ്പോര്‍ട്ടനുസരിച്ച് സ്വകാര്യതയും സുഖസൗകര്യവും ഉറപ്പുവരുത്തുന്നതിനായി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക കാത്തിരിപ്പ് ഏരിയകളുള്ള പൊതു പ്രവേശനത്തിനായി താഴത്തെ നിലയുടെ ഇടനാഴികള്‍ തുറക്കാന്‍ ധാരണയായി.
ഔട്ട് ഡോറില്‍ വെയിലത്ത് കാത്തിരിക്കുന്നത് ഒഴിവാക്കുന്നതിനും എല്ലാവര്‍ക്കും സുരക്ഷിതമായ കാത്തിരിപ്പ് ഉറപ്പുവരുത്തുന്നതിനും ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെ പ്രധാന പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ഉപയോഗിക്കാനും തീരുമാനമായി.
ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍, ആഭ്യന്തര മന്ത്രാലയം, അല്‍ ഫസ, ഭരണ വികസന, തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയം, ക്യുഎന്‍സിസി, ഖത്തര്‍ റെഡ് ക്രസന്റ് എന്നിവയാണ് പുതിയ നടപടികളുടെ വികസനത്തിലും നടപ്പാക്കലിലും പങ്കെടുക്കുന്നത്.
വാക്സിനേഷന്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നിരന്തരമായ ശ്രമത്തിന്റെ ഭാഗമായാണ് ഇത്.