പ്രതീക്ഷയുടെ റമദാന്‍, കടബാധിതരെ സഹായിക്കാന്‍ അല്‍ അഖറബൂന്‍ ആപ്പുമായി ഖത്തര്‍ ചാരിറ്റി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ലോകാടിസ്ഥാനത്തില്‍ തന്നെ വേറിട്ട മാതൃക സൃഷ്ടിക്കുന്ന ഖത്തര്‍ ചാരിറ്റിയുടെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍. കടബാധിതരെ സഹായിക്കാന്‍ പ്രതീക്ഷയുടെ റമദാന്‍, അല്‍ അഖറബൂന്‍ ആപ്പുമായി ഖത്തര്‍ ചാരിറ്റി രംഗത്ത്
കടം കൊണ്ടും മറ്റു മാനുഷിക കേസുകളാലും പ്രയാസപ്പെടുന്ന ഖത്തറിലുള്ളവരെ സഹായിക്കുന്നതിനാണ് കാമ്പയിന്‍. റമദാനിന്റെ സന്ദേശങ്ങളായ ദയ, ദാനം, ഐക്യദാര്‍ഡ്യം, സഹാനുഭൂതി തുടങ്ങിയ മഹത്തായ ആശയങ്ങളെ കോര്‍ത്തിണക്കുന്ന പ്രതീക്ഷയുടെ റമദാന്‍, പദ്ധതിയുടെ ഭാഗമാണിത്.
ഖത്തറിലെ ദയാലുക്കളായ ആളുകളുടെ പിന്തുണയോടെ അല്‍ അഖ്‌റബൂണ്‍ സംരംഭം കടം, മാനുഷിക കേസുകളില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതിന് 100 ദശലക്ഷം റിയാല്‍ സഹായം നല്‍കാനാണ് ലക്ഷ്യമിടുന്നത്.
അല്‍ അഖ്‌റബൂന്‍ ആപ്ലിക്കേഷന്‍ ഖത്തറിലെ ഇത്തരത്തിലുള്ള ആദ്യത്തേതാണ്. ഖത്തര്‍ ചാരിറ്റിയുടെ പുതിയ അപ്ഡേറ്റുകള്‍ നല്‍കുന്നതോടൊപ്പം അടിയന്തിര മാനുഷിക കേസുകള്‍ക്കുള്ള സഹായ അപേക്ഷകള്‍ എളുപ്പത്തില്‍ സമര്‍പ്പിക്കുന്നതിനും സംഭാവനയും അടിയന്തിര സഹായ അഭ്യര്‍ത്ഥനകളും നിറവേറ്റുന്നതിനും ആപ്‌ളിക്കേഷന്‍ സഹായകമാകും.
അല്‍ അഖ്‌റബൂണ്‍ സംരംഭവും ആപ്ലിക്കേഷനും ഹദീസില്‍ നിന്നും പ്രചോദനമുള്‍കൊണ്ടുകൊണ്ടുള്ളതാണെന്നും സാംസ്‌കാരിക, സാമൂഹിക, സാമ്പത്തിക, ആരോഗ്യം, പാരിസ്ഥിതിക മേഖലകളില്‍ ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 ന്റെ നേട്ടത്തിന് ഈ സംരംഭവും ആപ്പും സഹായിക്കുമെന്നും ഖത്തര്‍ ചാരിറ്റിയിലെ പ്രോഗ്രാം ആന്റ് കമ്യൂണിറ്റി ഡവലപ്‌മെന്റ് സെക്ടറിന്റെ സിഇഒയുടെ അസിസ്റ്റന്റ് ഫൈസല്‍ റാഷിദ് അല്‍ ഫെഹൈദ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കമ്മ്യൂണിറ്റി സേവനത്തോടുള്ള ഖത്തര്‍ ചാരിറ്റിയുടെ ശ്രദ്ധയും സുതാര്യമായും വേഗത്തിലും പ്രവര്‍ത്തിക്കാന്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാനുള്ള താല്‍പ്പര്യവുമാണ് ആപ്ലിക്കേഷന്‍ സാക്ഷ്യപ്പെടുത്തുന്നതെന്ന്് അദ്ദേഹം അഭിപ്രായപ്പെട്ടു.
കടക്കെണിയിലായവര്‍ക്ക് സഹായം നല്‍കാനും ഖത്തറിലെ അടിയന്തിര മാനുഷിക കേസുകളിലകപ്പെട്ടവരുടെ ഭാരം കുറയ്ക്കാനും അവരുടെ കുടുംബങ്ങള്‍ക്ക് സാമൂഹിക സ്ഥിരത കൈവരിക്കാനും ഈദിന്റെ സന്തോഷം അവരുമായി പങ്കുവെക്കാനുമുള്ള അല്‍ അഖ്‌റബൂന്‍ സംരംഭത്തെ പിന്തുണയ്ക്കണമെന്ന് അല്‍ ഫെഹൈദ ഖത്തറിലെ വ്യക്തികളോടും കമ്പനികളോടും അഭ്യര്‍ത്ഥിച്ചു.
കടം, മാനുഷിക കേസുകള്‍, വിധവകള്‍, വിവാഹമോചിതരായ സ്ത്രീകള്‍, രോഗികള്‍, പരിമിതമായ വരുമാനമുള്ള കുടുംബങ്ങള്‍ എന്നിവര്‍ക്ക് സഹായത്തിനായി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നത് ആപ്ലിക്കേഷന്‍ എളുപ്പമാക്കുമെന്ന് അല്‍ ഫെഹൈദ പ്രസ്താവിച്ചു.
Http://qch.qa/aqraboon-android ലിങ്കിലൂടെയും http://qch.qa/aqraboon-ios എന്ന ലിങ്കിലൂടെയും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡുചെയ്യാനാകും.