
ഫലസ്തീന് അടിയന്തിര സഹായമായി പത്ത് ലക്ഷം ഡോളര്‍ അനുവദിച്ച് ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഫലസ്തീന് അടിയന്തിര സഹായമായി പത്ത് ലക്ഷം ഡോളര്‍ അനുവദിച്ച് ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി. ഇസ്രായേല്‍ അതിക്രമങ്ങളില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് അത്യാവശ്യ വൈദ്യസഹായം, മരുന്നുകള്‍ മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവക്കായി പത്ത് ലക്ഷം ഡോളറിന്റെ അടിയന്തിര സഹായം അനുവദിക്കാന്‍ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി തീരുമാനിച്ചു.
ഗസയിലുള്ള റെഡ് ക്രസന്റ് സൊസൈറ്റി പ്രവര്‍ത്തകര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും അടിയന്തിരമായ വൈദ്യസഹായം എത്തിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുകയും ചെയ്ത പശ്ചാത്തലത്തിലാണിത്. ഒരു ഭാഗത്ത് കോവിഡ് പ്രതിസന്ധിയും മറുഭാഗത്ത് അത്യാവശ്യമായ വൈദ്യസഹായത്തിന്റെ ദൗര്‍ലഭ്യവും സ്ഥതിഗതികള്‍ ഗുരുതരമാക്കുന്നുണ്ട്.
ഗസയിലെ പ്രധാനപ്പെട്ട അല്‍ഷിഫ ആശുപത്രിയിലും മറ്റു ആശുപത്രികളിലും അത്യാവശ്യമായ മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, മറ്റു ജീവന്‍ രക്ഷാസൗകര്യങ്ങള്‍ എന്നിവയൊരുക്കുന്നതിന് വേണ്ടിയാണ് സഹായം. ഖത്തര്‍ റെഡ് ക്രെസന്റ് സൊസൈറ്റി ഫലസ്തീന്‍ ജനതയുടെ ദുരിതാശ്വാസ ക്യാമ്പയിന്‍ ഉടനെയാരംഭിക്കുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
ഒന്നര വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന സുദീര്‍ഘമായ ഒരു ക്യാമ്പയിനില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെച്ച് കൊടുക്കുക. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, ചികിത്സ തുടങ്ങിയ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുവാനാണ് ഉദ്ദേശിക്കുന്നത്.
ജീവകാരുണ്യപ്രവര്‍ത്തന രംഗത്തും മാനുഷിക സേവന രംഗത്തും ഖത്തറിന്റെ കാരുണ്യമായി ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി മുന്‍പന്തിയിലാണ്.