
ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി, ലോകാരോഗ്യ അസംബ്ലി ഉപാധ്യക്ഷ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ലോകാരോഗ്യ അസംബ്ലിയുടെ 74-ാമത് സെഷന്റെ ഉപാധ്യക്ഷയായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയെ തിരഞ്ഞെടുത്തതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു
ലോകാരോഗ്യ സംഘടനയുടെ പരമോന്നത തീരുമാനമെടുക്കുന്ന സ്ഥാപനമാണ് ലോകാരോഗ്യ അസംബ്ലി. വര്‍ഷത്തിലൊരിക്കലാണ് ഇത് യോഗം ചേരുക. ലോകാരോഗ്യ സംഘടനയുടെ അംഗരാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളാണ് ഈ യോഗത്തില്‍ പങ്കെടുക്കുക. സംഘടനയുടെ നയപരിപാടികള്‍ നിര്‍ണ്ണയിക്കുക, ഡയറക്ടര്‍ ജനറലിനെ നിയമിക്കുക, ഓര്‍ഗനൈസേഷന്റെ സാമ്പത്തിക നയങ്ങളുടെ മേല്‍നോട്ടം വഹിക്കുക മുതലായവയാണ് ലോകാരോഗ്യ അസംബ്ലിയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍.
മെയ് 24 തിങ്കളാഴ്ച മുതല്‍ ജൂണ്‍ 1 വരെ നടക്കുന്ന ലോകാരോഗ്യ അസംബ്ലിയുടെ യോഗങ്ങളിലും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ജൂണ്‍ 2 ന് നടക്കുന്ന ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോര്‍ഡിന്റെ 149-ാമത് സെഷന്റെ യോഗങ്ങളിലും പങ്കെടുക്കുന്ന ഖത്തര്‍ പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കുന്നതും ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയാണ്.