Breaking News

ഖത്തറില്‍ പ്രായപൂര്‍ത്തിയായവരില്‍ 25 ശതമാനവും പുകവലിക്കാര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ പ്രായപൂര്‍ത്തിയായ ഓരോ നാലു പേരിലും ഒരാള്‍ എന്ന തോതില്‍ പുകവലിക്കുന്നവരാണെന്നും ഇത് ആരോഗ്യവും സാമൂഹികവുമായ നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായും ആരോഗ്യ വിദഗ്ധര്‍. നിരന്തരമായ ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍ തുടരുമ്പോഴും പുകവലി കൂടുന്നുവെന്നത് ഏറെ ആശങ്കാജനകമാണെന്ന് ലോക പുകവലി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് പുറത്തിറക്കിയ വാര്‍ത്താകുറിപ്പ് പറയുന്നു.

പുകവലി ഉപേക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാവുക എന്ന സുപ്രധാനമായ പ്രമേയം ചര്‍ച്ചക്ക് വെച്ച് കൊണ്ടാണ് മെയ് 31 ലോക പുകയില വിരുദ്ധദിനമായി ലോകാരോഗ്യ സംഘടനയും അനുബന്ധസ്ഥാപനങ്ങളും ആചരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊതുപരിപാടികള്‍ക്ക് പരിമിതികളുണ്ടെങ്കിലും വ്യക്തി ബന്ധങ്ങളും സാമൂഹ്യ മാധ്യമങ്ങളും പരമാവധി പ്രയോജനപ്പെടുത്തി വിപുലമായ ബോധവല്‍ക്കരണം നടക്കണമെന്നാണ് ലോകാരോഗ്യ സംഘടന ഉദ്ദേശിക്കുന്നത്. ഈ സാഹചര്യം ഉപയോഗപ്പെടുത്തി പുകവലി നിര്‍ത്തുവാന്‍ സമൂഹത്തിലെ ബന്ധപ്പെട്ടവര്‍ മുന്നോട്ടുവരണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ പുകവലി നിര്‍ത്തല്‍ ക്‌ളിനിക് മേധാവി ഡോ. അഹ്മദ് അബ്ദുല്‍ കരീം അല്‍ മുല്ല ആവശ്യപ്പെട്ടു.

പുകവലി നിര്‍ത്താനാഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ക്‌ളിനിക് നല്‍കും. വിശദമായ കൗണ്‍സിലിംഗും മരുന്നുകളും പുകവലി നിര്‍ത്താന്‍സഹായകമാണെന്നാണ് ദീര്‍ഘകാലത്തെ തന്റെ അനുഭവമെന്ന് അദ്ദേഹം പറഞ്ഞു. പുകവലി നിര്‍ത്തല്‍ ക്‌ളിനികിന്റെ സേവനങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ 50800959 എന്ന നമ്പറില്‍ ബന്ധപ്പെടാം. അപ്പോയന്റമെന്റുകള്‍ക്കായി 40254981 എന്ന നമ്പറിലാണ് വിളിക്കേണ്ടത്.

കോവിഡ് മഹാമാരിയുടെ ദുരന്തങ്ങള്‍ ലോകത്തെമ്പാടും നാശം വിതക്കുന്ന സമകാലിക ലോകത്ത് പുകവലിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ട്. പുകവലിക്കുന്നവരില്‍ കോവിഡിന്റെ സങ്കീര്‍ണതകള്‍ വര്‍ദ്ധിക്കുവാനും മരണം സംഭവിക്കുവാനുമൊക്കെ സാധ്യതയേറെയാണെന്നാണ് വിവിധ തലങ്ങളില്‍ നടന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പുകവലി ശ്വാസകോശത്തിനും ശ്വാസ നാളങ്ങള്‍ക്കുമൊക്കെ സാരമായ കേടുപാടുകള്‍ വരുത്തുമെന്നിനാല്‍ കോവിഡ് ബാധ ഇത്തരക്കാരുടെ സ്ഥിതി വഷളാക്കുമെന്നതില്‍ സംശയമില്ല. പുകവലി ഉപേക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാവുക എന്ന പ്രമേയം ഏറെ ശ്രദ്ധേയമാകുന്നതും പ്രസക്തമാകുന്നതും ഈ സാഹചര്യത്തിലാണ് . ജീവന്‍ മരണ പോരാട്ടത്തില്‍ ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ പുകവലി ഉപേക്ഷിച്ചേ തീരുവെന്നാണ് ഈ പ്രമേയം അടയാളപ്പെടുത്തുന്നുന്നത്.

ഓരോ പുകവലിക്കാരനും പുകവലി നിര്‍ത്തികൊണ്ട് ഈ കാമ്പയിനില്‍ അണി ചേരണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ നോണ്‍ കമ്മ്യൂണിക്കബിള്‍ഡിസീസ് വകുപ്പ് മേധാവിയും ലോകാരോഗ്യ സംഘടനയുടെ പുകവലി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തറിന്റെ പ്രതിനിധിയുമായ ഡോ. ഖുലൂദ് അല്‍ മുതവ്വ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!