ഖത്തറില്‍ പഴയ ബാങ്ക് നോട്ടുകള്‍ ജൂലൈ 1 ന് മുമ്പ് മാറ്റിയെടുക്കണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ പഴയ ബാങ്ക് നോട്ടുകള്‍ ജൂലൈ 1 ന് മുമ്പ് മാറ്റിയെടുക്കണമെന്ന് ബാങ്കുകള്‍ ഉപഭോക്താക്കളെ ഓര്‍മിപ്പിച്ചു. ബാങ്ക് ശാഖകള്‍ സന്ദര്‍ശിച്ചോ രാജ്യത്തിന്റ വിവിധ ഭാഗങ്ങളിലുള്ള എ.ടി. എം. ഡെപ്പോസിററ്റ് മെഷീനുകള്‍ ഉപയോഗിച്ചോ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാം. ജൂലൈ 1 ന് ശേഷം പഴയ നോട്ടുകള്‍ സ്വീകരിക്കില്ല.
പഴയ ബാങ്ക് നോട്ടുകള്‍ മാറ്റിയെടുക്കുന്നത് സംബന്ധിച്ച് വിവിധ ബാങ്കുകള്‍ അവരുടെ സോഷ്യല്‍ മീഡിയ എക്കൗണ്ടുകള്‍ വഴി നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് പുറമേ ഉപഭോക്താക്കള്‍ക്ക് എസ്. എം. എസ്. ആയും സന്ദേശങ്ങള്‍ അയക്കുന്നതായാണ് വിവരം.
2020 ഡിസംബര്‍ 13 നാണ് നിലവിലുള്ള നാലാം സീരീസ് നോട്ടുകള്‍ പിന്‍വലിക്കുന്നതായും ഡിസംബര്‍ 18 മുതല്‍ പുതിയ കറന്‍സി നോട്ടുകള്‍ പുറത്തിറക്കുമെന്നും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചത്. പഴയ സീരീസിലുള്ള നോട്ടുകള്‍ മാര്‍ച്ച് വരെ ഉപയോഗിക്കാമെന്നാണ് അന്ന് അറിയിച്ചിരുന്നത്. എന്നാല്‍ ഉപഭോക്താക്കളുടെ സൗകര്യം പരിഗണിച്ച് ജൂലൈ 1 വരെ പഴയ നോട്ടുകള്‍ സ്വീകരിക്കുമെന്ന് ഫെബ്രുവരി മാസമാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്.
ജൂലൈ 1 ന് ശേഷം ബാങ്കുകളോ എക്‌സ്‌ചേഞ്ചുകളോ മറ്റു വാണിജ്യ സ്ഥാപനങ്ങളോ ഒന്നും പഴയ നോട്ടുകള്‍ സ്വീകരിക്കില്ല. അതിനാല്‍ എത്രയും വേഗം പുതിയ നോട്ടുകള്‍ മാറ്റിവാങ്ങുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ ബാങ്കുകള്‍ ആവശ്യപ്പെട്ടു.
ഖത്തറിലെ മിക്ക ബാങ്കുകളും ഇപ്പോള്‍ എ.ടി. എം. മെഷീനുകളില്‍ പഴയ നോട്ടുകളും പുതിയ നോട്ടുകളും സ്വീകരിക്കുന്നുണ്ട്. എന്നാല്‍ ജൂലൈ 1 ന് ശേഷം പുതിയ നോട്ടുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് ബാങ്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട് . എന്തെങ്കിലും കാരണവശാല്‍ ജൂലൈ 1 ന് മുമ്പ് മാറ്റിവാങ്ങാന്‍ കഴിയാത്തവര്‍ക്ക് ഖത്തര്‍ സെന്‍ട്രല്‍ ബാങ്കുമായി ബന്ധപ്പെട്ട്് പഴയ നോട്ടുകള്‍ പിന്‍വലിച്ച് 10 വര്‍ഷത്തിനുള്ളില്‍ മാറ്റിയെടുക്കാമെന്നൊരു വ്യവസ്ഥയുണ്ട്. അത് പക്ഷേ ചില നടപടിക്രമങ്ങള്‍ക്ക് വിധേയമായിരിക്കും.
ഖത്തറിന്റെയും അറബ് ലോകത്തിന്റേയും സാംസ്‌കാരിക ചരിത്രവും പാരമ്പര്യവും അടയാളപ്പെടുത്തുന്ന അഞ്ചാം സീരീസിലുള്ള പുതിയ നോട്ടുകള്‍ പുതിയ കുറേ സുരക്ഷ സംവവിധാനങ്ങളുള്ളവയാണ് .പുതുതായി പരിചയപ്പെടുത്തിയ 200 റിയാലിന്റെ നോട്ട് 100 ന്റെയും 500 ന്റേയും ഇടയിലുള്ള കറന്‍സി എന്ന നിലക്ക് മാത്രമല്ല ഏറെ പുതുമയും പ്രത്യേകതയുമുള്ളത് എന്ന നിലക്ക് ശ്രദ്ധേയമാണ്. ഖത്തര്‍ ഇതാദ്യമായാണ് 200 റിയാലിന്റെ നോട്ട് വിപണിയിലിറക്കിയത്.