അഭിനയ രംഗത്ത് ഉയരങ്ങള്‍ തേടി വസന്തന്‍ പൊന്നാനി
ഡോ. അമാനുല്ല വടക്കാങ്ങര
അഭിനയ രംഗത്ത് ഉയരങ്ങള്‍ തേടുന്ന കലാകാരനാണ് വസന്തന്‍ പൊന്നാനി. ഖത്തറിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന വസന്തന്‍ കലാരംഗത്ത് വീണുകിട്ടുന്ന ഓരോ അവസരങ്ങളും പ്രയോജനപ്പെടുത്തിയാണ് സര്‍ഗസായൂജ്യം കണ്ടെത്തുന്നത്. സീല്‍ക്കാരങ്ങളുടെ മടിത്തട്ടില്‍ എന്ന ഷോര്‍ട്ട് ഫിലിമിലെ അഭിനയത്തിന് ഭരത് മുരളി മീഡിയ ഹബ് അവാര്‍ഡ് ലഭിച്ച വസന്തന്‍ പൊന്നാനിയുടെ കലാജീവിതം ഖത്തറിന്റെ ഭൂമികയില്‍ പുതിയ തലങ്ങളിലേക്ക് കടക്കുമ്പോള്‍ ആ ജീവിതത്തിന്റെ ഓരങ്ങളിലൂടെ ഓട്ട പ്രദക്ഷിണം നടത്തുകയാണിവിടെ.
ചെറുപ്പം മുതലേ കലാരംഗത്ത് താല്‍പര്യമുണ്ടായിരുന്നെങ്കിലും ചുറ്റുപാടുകള്‍ അനുകൂലമായിരുന്നില്ല. സ്‌ക്കൂള്‍ തലത്തില്‍ മിമിക്രിക്ക് സമ്മാനങ്ങള്‍ ലഭിച്ചിരുന്നു. എസ്.എസ്.എല്‍.സി കഴിഞ്ഞ് ഉപജീവനമാര്‍ഗമായി ഓട്ടോറിക്ഷ ഓടിച്ച് തുടങ്ങി. അതിനിടയില്‍ ചില ഉല്‍സവ പറമ്പുകളിലൊക്കെ മിമിക്രി അവതരിപ്പിച്ചുവെന്നതൊഴിച്ചാല്‍ കാര്യമായ കലാപ്രവര്‍ത്തനങ്ങളൊന്നും ചെയ്യാനായില്ല. എന്നാല്‍ ജോലി ലഭിച്ച് കുവൈത്തിലെത്തിയതാണ് വസന്തനിലെ കലാകാരന് ജീവന്‍ പകര്‍ന്നത്. കുവൈത്തിലെ 15 വര്‍ഷത്തെ ജീവിത കാലം ധന്യമായ കലാജീവിതം സമ്മാനിച്ചു. ഡിലൈറ്റ് മ്യൂസിക് ബാന്റുമായി സഹകരിച്ച് മിമിക്രി വണ്‍ മാന്‍ ഷോ അവതരിപ്പിച്ച് ശ്രദ്ധേയനായി.
2015 ല്‍ ഖത്തറിലെത്തിയ വസന്തന് തന്റെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് വേദിയൊരുക്കിയത് കള്‍ചറല്‍ ഫോറം ഖത്തറായിരുന്നു. മിമിക്രിയും അഭിനയവും കോമഡിയുമൊക്കെയായി വിവിധ വേദികളില്‍ സഹൃദയരുടെ പിന്തുണ നേടിയ വസന്തന്‍ ശബ്ദാനുകരണം, കോമഡി, സ്‌കിറ്റ് തുടങ്ങിയവയിലൊക്കെ പരീക്ഷണം നടത്തി വിജയിച്ചിട്ടുണ്ട്. കാലികമായ പല പ്രമേയങ്ങളിലും പ്രതികരണമായി ചെറിയ വീഡിയോകള്‍ ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെക്കുവാന്‍ തുടങ്ങിയതോടെ നിരവധിയാളുകളുമായി സംവദിക്കുവാനും ആശയവിനിമയം നടത്തുവാനും സാധിച്ചു. ഫ്ളവര്‍സ് ചാനലിന്റെ പ്രശസ്തമായ കോമഡിയുല്‍സവ വേദിയില്‍ പരിപാടി അവതരിപ്പിച്ചും വസന്തന്‍ തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.
ഇരുപത്തയ്യായിരത്തോളം പേരാണ് വസന്തനെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നത്. ടിക് ടോകിലും താരമായ വസന്തന്‍ മാനവിക നന്മയുടെയുും സാമൂഹ്യ സഹകരണത്തിന്റേയും പിമ്പലത്തിലാണ് തന്റെ കലാസപര്യയുമായി മുന്നോട്ടുപോകുന്നത്.
ഖത്തറില്‍ മീഡിയ വണ്‍ സംഘടിപ്പിച്ച ബെസ്റ്റ് ആക്ടര്‍ മല്‍സരത്തില്‍ വിജയിച്ച് ദുല്‍ഖര്‍ സല്‍മാനില്‍ നിന്നും സമ്മാനം വാങ്ങിയത് തന്റെ കലാരംഗത്തെ പൊന്‍തൂവലായാണ് വസന്തന്‍ കരുതുന്നത്. അതിനെ തുടര്‍ന്നാണ് എല്‍മര്‍ എന്ന ചിത്രത്തിന്റെ ഓഡീഷ്യനില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. തെരഞ്ഞെടുക്കപ്പെട്ട വസന്തന്‍ തരക്കേടില്ലാത്ത ഒരു വേഷമാണ് എല്‍മറില്‍ ചെയ്തത്. പ്രിവ്യൂ ഷോ കഴിഞ്ഞ് റിലീസിനൊരുങ്ങുകയാണ് എല്‍മര്‍.
മറ്റ് രണ്ട് മൂന്ന് മലയാള ചിത്രങ്ങളുടെ ഓഡീഷ്യന് വിളിച്ചെങ്കിലും ജോലി സംബന്ധമായ കാരണങ്ങളാല്‍ നാട്ടില്‍ പോകാന്‍ കഴിയാതിരുന്നതിനാല്‍ അവസരം നഷ്ടമായി.
പ്രവാസികളാണ് നാട്ടില്‍ കൊറോണ പരത്തുന്നതെന്ന തരത്തിലുണ്ടായ ദൗര്‍ഭാഗ്യകരമായ നിലപാടിനെതിരെ ചെമ്പന്‍ വിനോദിന്റേയും മാമുക്കോയയുടേയും ശബ്ദമനുകരിച്ച് വസന്തന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ വൈറലായിരുന്നു.
സീല്‍ക്കാരങ്ങളുടെ മടിത്തട്ടില്‍ പിറന്നത് മൊബൈലില്‍ ഷ്യൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിന് സുഹൃത്ത് കമല്‍ കുമാറില്‍ നിന്നും ഒരു ചെറിയ സ്‌ക്രിപ്റ്റ് വാങ്ങിച്ചിരുന്നു. യാദൃശ്ചികമായി ഈ സ്‌ക്രിപ്റ്റ് ഓക്സിജന്‍ മീഡിയയുടെ പി.പി.എം. ഫിറോസ് കാണുകയും നല്ല രീതിയില്‍ കാമറ വെച്ച് തന്നെ ഇതൊരു ചിത്രമാക്കണമെന്ന ആശയം പങ്കുവെക്കുകയും ചെയ്തു. അങ്ങനെയാണ് സീല്‍ക്കാരങ്ങളുടെ മടിത്തട്ടില്‍ എന്ന ഷോര്‍ട്ട് ഫിലിം ഉണ്ടായത്. ആക്ടിംഗും റിയാക്ടിംഗുമായി വസന്തന്‍ നിറഞ്ഞഭിനയിച്ച ചിത്രത്തിന് അരഡസനിലേറെ പുരസ്‌കാരങ്ങളാണ് ഇതിനകം ലഭിച്ചത്.
ലോഹിതദാസ് ഇന്ററര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, സൗത്ത് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍, ശ്രീ സത്യജിത് റായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, മീഡിയ സിറ്റി ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് തുടങ്ങി അംഗീകാരങ്ങള്‍ ഒന്നിന് പിറകെ മറ്റൊന്നായി വരുമ്പോഴും കലാനിര്‍വഹണത്തിന്റെ സൗന്ദര്യമാസ്വദിച്ച് വസന്തന്‍ തന്റെ ജൈത്രയാത്ര തുടരുകയാണ്.
ചാക്യാരുടേയും കഥകളിയാശാന്റേയുമൊക്കെ വേഷങ്ങള്‍ കെട്ടാന്‍ അവസരം ലഭിച്ചതോടെ വൈവിധ്യങ്ങളുടെ മനോഹരമായ തലങ്ങളിലൂടെയാണ് വസന്തന്‍ മുന്നോട്ടുപോകുന്നത്. റേഡിയോ മലയാളത്തില്‍ മാവേലിയായും നിങ്ങളാണ് താരമെന്ന പരിപാടിയിലും പങ്കെടുത്ത വസന്തന്‍ റേഡിയോ സുനോയുടെ റേഡിയോ നാടകോല്‍സവത്തില്‍ ജനപ്രിയ നടനുള്ള അവാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്.
നിഴലാട്ടം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഏറെക്കുറേ പൂര്‍ത്തിയായി കഴിഞ്ഞു. ഏറെ വ്യത്യസ്തകളുള്ള ഒരു ചിത്രമായിരിക്കും നിഴലാട്ടമെന്നാണ് വസന്തന്‍ പറുന്നത്.
പൊന്നാനിയിലെ വേലായുധന്‍ കാര്‍ത്യായിനി ദമ്പതികളുടെ സീമന്ത പുത്രനായ വസന്തന്‍ അഭിനയത്തിന്റേയും കലാപ്രകടനങ്ങളുടേയുമിടയില്‍ കലയുടെ സാമൂഹ്യ ധര്‍മം അടയാളപ്പെടുത്തുന്നുവെന്നത് അടിവരയിടേണ്ടതാണ്. കേവലം വിനോദം എന്നതിലുപരി മനുഷ്യ നന്മയും സാഹോദര്യവും പ്രോല്‍സാഹിപ്പിക്കുകയും സ്നേഹ സൗഹൃദങ്ങള്‍ വളര്‍ത്തുകയുമാണ് കലയുടെ ആത്യന്തിക ലക്ഷ്യമെന്നാണ് വസന്തന്‍ കരുതുന്നത്.
മിമിക്രിയും അഭിനയവും പോലെ തന്നെ ചിത്രംവരയും തനിക്ക് വഴങ്ങുമെന്ന് വസന്തന്‍ തെളിയിച്ചിട്ടുണ്ട്.
ഷൈലജയാണ് ഭാര്യ. ബിന്ദുജ, ധന ലക്ഷ്മി എന്നിവര്‍ മക്കളാണ്. ബിന്ദുജ വരയിലും നൃത്തത്തിലും തല്‍പരയാണ്. ധനലക്ഷ്മിക്ക് ഇവക്ക് പുറമേ പാട്ടിനോടും കമ്പമാണ് .