ഖത്തറില്‍ ഇന്നും രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ : ഖത്തറില്‍ ഇന്നും രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഖത്തറില്‍ രോഗമുക്തരേക്കാള്‍ രോഗികളെന്ന അവസ്ഥ തുടരുന്നു. ഇത് ഒട്ടും ആശ്വാസകരമല്ല. ഇന്ന് 117 പേര്‍ക്ക് മാത്രമാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. 151 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
സാമൂഹ്യ വ്യാപനത്തിലൂടെയുള്ള കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും അതിനനുസരിച്ച രോഗമുക്തി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്നത് ഏറെ ആശങ്കജനിപ്പിക്കുന്ന വാര്‍ത്തയാണ്. ഖത്തറിലെ മൊത്തം കോവിഡ് രോഗികള്‍ 1500ല്‍ താഴെ എത്തിയിരുന്നത് ഇപ്പോള്‍ എകദേശം 2000ത്തോടടുക്കുകയാണ്.
ഇന്നത്തെ കണക്കനുസരിച്ച് 1940 കോവിഡ് രോഗികളാണ് ഖത്തറിലുള്ളത്. അതീവ ജാഗ്രതയോടെ കോവിഡിനെ പ്രതിരോധിക്കാന്‍ സമൂഹത്തിന്റെ എല്ലാ തട്ടിലുള്ളവരും മുന്നോട്ട് വരണമെന്നാണ് സാഹചര്യം ആവശ്യപ്പെടുന്നത്.
കഴിഞ്ഞ 24 മണിക്കൂറില്‍ സാമൂഹ്യ വ്യാപനത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 95 പേര്‍ക്കും യാത്രക്കാരില്‍ രോഗം സ്ഥിരീകരിച്ചത് 56 പേര്‍ക്കുമാണ്.
രാജ്യത്ത് മൊത്തം മരണ സംഖ്യ 601 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 77 ആയി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഒരാളെയാണ് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്. 23 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.