
കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട്; പ്രാഥമിക റിപ്പോര്‍ട്ടിനും വലിയ വിമാനങ്ങള്‍ക്കുള്ള അനുമതിക്കും കാലതാമസമുണ്ടാവരുത്; ഗപാഖ്
അഫ്‌സല്‍ കിളയില്‍
ദോഹ : ദാരുണമായ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഉണ്ടായ വിമാന ദുരന്തത്തിന് ഒരു വര്‍ഷം തികയാറായിട്ടും പ്രാഥമിക റിപ്പോര്‍ട്ട് പോലും തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്നും അപകടത്തെ തുടര്‍ന്ന് താല്‍കാലികമെന്ന പേരില്‍ നിര്‍ത്തലാക്കിയ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കാന്‍ ഉടന്‍ നടപടിയുണ്ടാവണമെന്നും ഗള്‍ഫ് കാലിക്കറ്റ് എയര്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഖത്തര്‍ (ഗപാഖ് ) അഭിപ്രായപ്പെട്ടു.
വലിയ വിമാന സര്‍വീസുകള്‍ പുനരംഭിക്കുന്നത് സംബന്ധിച്ച് പാര്‍ലിമെന്റില്‍ കെ. മുരളീധരന്‍ എം.പി.യുടെ ചോദ്യത്തിന് ഉത്തരമായി എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവൂ എന്നാണ് അറിയിച്ചത്. ഇത്തരം നടപടികള്‍ നീണ്ടു പോവുന്നത് പല വിദേശ രാജ്യങ്ങളും യാത്രാ അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ സാധാരണക്കാരായ പ്രവാസികളുടെ യാത്രക്ക് വലിയ തിരിച്ചടികളാണുണ്ടാകുക,
പാര്‍ലമെന്റില്‍ നല്‍കിയ മറുപടിക്ക് പിന്നാലെ എം.പിമാരായ അബ്ദുസ്സമദ് സമദാനി, എം.കെ. രാഘവന്‍ എന്നിവര്‍ വ്യേമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായി നേരിട്ട് ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര നടപടി എടുക്കുമെന്ന് ഉറപ്പ് നല്‍കിയതില്‍ മന്ത്രിയെയും എം.പിമാരെയും അഭിനന്ദിച്ചു.
കോവിഡ് കാലത്തും തിരക്കേറിയ വിമാനത്താവളമെന്ന ഖ്യാതി നിലനിര്‍ത്തിയ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പുരോഗതിക്കാവശ്യമായ നടപടികള്‍ അനിവാര്യമാണെന്നും യോഗം വിലയിരുത്തി.
യോഗത്തില്‍ പ്രസിഡന്റ് കെ.കെ. ഉസ്മാന്‍ അദ്ധ്യക്ഷം വഹിച്ചു. ജന.സെക്രട്ടറി ഫരീദ് തിക്കോടി സ്വാഗതം പറഞ്ഞു. ഓര്‍ഗസൈസിംഗ് സെക്രട്ടറി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി വിഷയം അവതരിപ്പിച്ചു. കെ. മുഹമ്മദ് ഈസ സാഹിബ്, മുസ്തഫ എലത്തൂര്‍, ഗഫൂര്‍ കോഴിക്കോട് എന്നിവര്‍ പങ്കെടുത്തു.