വേനലിന്റെ വരണ്ട ദിനങ്ങള്‍ക്ക് വിട, ശരത് കാലം വരവായി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. നാലു മാസം നീണ്ട കഠിനമായ വേനലിന്റെ വരണ്ട ദിനങ്ങള്‍ വിട പറയുന്നു, ശരത് കാലം വരവായി. സെപ്റ്റംബര്‍ ആരംഭിച്ചതോടെ ചൂടും ഹ്യൂമിഡിറ്റിയുമൊക്കെ കുറഞ്ഞ് മിതമായ കാലാവസ്ഥയിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെ തന്നെ ഖത്തറിന്റെ വടക്ക് ഭാഗങ്ങളില്‍ ചാറിയ മഴയും ഇളം കുളിരുള്ള തെന്നലും ശരത്കാലത്തിന്റെ വരവറിയിക്കുന്നതായിരുന്നു.
ശരത്കാലത്തിന്റെ ആദ്യ മാസമായി സെപ്റ്റംബര്‍ അടയാളപ്പെടുത്തുന്നു, ഇത് വേനല്‍ക്കാലത്തിനും ശൈത്യകാലത്തിനും ഇടയിലുള്ള ഒരു പരിവര്‍ത്തന കാലഘട്ടമായി കണക്കാക്കപ്പെടുന്നുവെന്നാണ് ഇത് സംബന്ധിച്ച് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് ഇന്നലെ ട്വിറ്ററില്‍ കുറിച്ചത്.
ഈ സീസണില്‍, ഈര്‍പ്പം കൂടുന്നതിനനുസരിച്ച് കാലാവസ്ഥ ക്രമേണ മൃദുവാകാന്‍ തുടങ്ങും. മഴയുടെ സാധ്യതയ്‌ക്കൊപ്പം മേഘങ്ങളുടെ അളവും കൂടാന്‍ സാധ്യതയുണ്ട്, ഉച്ചകഴിഞ്ഞ് ചില സമയങ്ങളില്‍ ഇടിമിന്നലുണ്ടാകാം.
‘മഴ പെയ്യാന്‍ സാധ്യതയുള്ള മേഘങ്ങളുടെ അളവ് ചില സമയങ്ങളില്‍ വിശിഷ്യ ഉച്ചയ്ക്ക് ശേഷം കൂടുതലായിരിക്കും. ഇടക്കിടെ ഇടിമിന്നലുമുണ്ടാകാം. കാറ്റ് പ്രധാനമായും കിഴക്ക് ഭാഗത്തുനിന്നായിരിക്കും.
മാസത്തിലെ ശരാശരി പ്രതിദിന താപനില 33 ഡിഗ്രി സെല്‍ഷ്യസാണ്. കഴിഞ്ഞ മാസത്തെ ശരാശരി താപനില 35 ഡിഗ്രി സെല്‍ഷ്യസായിരുന്നു.
രാജ്യത്ത് സെപ്റ്റംബറില്‍ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്നതും ഉയര്‍ന്നതുമായ താപനില 20.3 ഡിഗ്രി സെല്‍ഷ്യസും (1964) 46.2 ഡിഗ്രി സെല്‍ഷ്യസും (2001) ആയിരുന്നുവെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി