ഖത്തറിലെ നിര്‍മാണ മേഖല വീണ്ടും സജീവമാകാന്‍ സാധ്യത

ദോഹ: ഫിഫ 2022 ന്റെ ഭാഗമായി സമഗ്രമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതിനാല്‍ കഴിഞ്ഞ കുറേ മാസങ്ങളായി നിര്‍ജീവമായിരുന്ന ഖത്തറിലെ നിര്‍മാണ മേഖല വീണ്ടും സജീവമാകാന്‍ സാധ്യത. റോഡും ബില്‍ഡിംഗുകളും ഹൗസിംഗ് കോംപ്‌ളസ്‌കളുമടക്കം വൈവിധ്യമായ പശ്ചാത്തല വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 81 ബില്യണ്‍ റിയാലിന്റെ പദ്ധതികള്‍ പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) ആസൂത്രണം ചെയ്തതായി റിപ്പോര്‍ട്ട്. അടുത്തിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണിത്.
സ്‌കൂളുകള്‍, ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍, മറ്റ് സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഖത്തറിലെ പൗരന്മാര്‍ക്ക് നിലവിലുള്ളതും പുതുതായി അനുവദിച്ചതുമായ റസിഡന്‍ഷ്യല്‍ പ്ലോട്ടുകള്‍ക്കായുള്ള അടിസ്ഥാന വികസനം തുടങ്ങിയവ പദ്ധതിയില്‍പ്പെടും.
സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോട് കൂടിയായിരിക്കും വികസന പദ്ധതികള്‍ നടപ്പാക്കുകയെന്ന് റോഡ് പ്രോജക്ട്‌സ് വകുപ്പ് ഡയറക്ടര്‍ സലിം അല്‍-ഷാവി അല്‍-മാരി ഖത്തര്‍ ടിവിയോട് പറഞ്ഞു.
നിര്‍മാണ ഖേല സജീവമാകുന്നതോടെ ഖത്തറിലെ വിവിധ ബിസിനസ് മേഖലകളില്‍ സാമ്പത്തികമായ ഉണര്‍വുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

