ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വാക്‌സിനേഷന്‍ സെന്റര്‍ ഈ മാസം അവസാനത്തോടെ അടച്ചേക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷന്‍ സെന്ററുകളിലൊന്നായ ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വാക്‌സിനേഷന്‍ സെന്റര്‍ ഈ മാസം അവസാനത്തോടെ അടച്ചേക്കുമെന്നറിയുന്നു. പ്രതിദിനം 25000 പേര്‍ക്ക്് വാക്‌സിനേഷന്‍ നല്‍കുവാന്‍ സൗകര്യമുള്ള കേന്ദ്രമാണിത്.
കേന്ദ്രത്തില്‍ ഇപ്പോള്‍ രണ്ടാം ഡോസ് മാത്രമാണ് നല്‍കുന്നത്. ഇത് ഈ മാസം അവസാനത്തോടെ നിര്‍ത്തിയേക്കും. മുന്‍ഗണനാടിസ്ഥാനത്തില്‍ 8 മാസം മുമ്പ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസ് നല്‍കി തുടങ്ങിയുണ്ടെങ്കിലും രാജ്യത്തെ 28 പ്രാഥമികാരരോഗ്യ കേന്ദ്രങ്ങലൂടെ തന്നെ ഇത് തുടരാനാകുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.
വ്യാവസായിക രംഗത്തും മറ്റു കമ്പനികളിലുമുള്ള ജീവനക്കാരുടെ വാക്‌സിനേഷന്‍ നടപടികള്‍ എളുപ്പമാക്കുന്നതിന് ഏപ്രില്‍ മാസത്തിലാണ് ഈ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചത്.
എന്നാല്‍ ഖത്തറിലെ മഹാഭൂരിഭാഗമാളുകളും വാക്‌സിനെടുത്ത സാഹചര്യത്തിലാണ് ഈ കേന്ദ്രം പൂട്ടാനൊരുങ്ങുന്നതെന്നാണറിയുന്നത്. ഈ വിഷയകമായ ഔദ്യോഗിക പ്രഖ്യാപനം പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും ഉടനെയുണ്ടായേക്കും.
വാക്‌സിനേഷന് വേണ്ടി നിശ്ചയിച്ചിരുന്ന നിരവധി താല്‍ക്കാലിക ജീവനക്കാരുടെ സേവനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മന്ത്രാലയം ബന്ധപ്പെട്ടവര്‍ക്ക് ഇമെയില്‍ അയച്ചിരുന്നു.
ദേശീയ വാക്‌സിനേഷന്‍ കാമ്പയിനിന്റെ ഭാഗമായി 4633897 ഡോസ് വാക്‌സിനുകളാണ് ഖത്തറില്‍ ഇത് വരെ നല്‍കിയത്. രാജ്യത്ത് കോവിഡ് ആരംഭിച്ചതുമുതല്‍ മൊത്തം 2589951 കോവിഡ് പരിശോധനകള്‍ നടത്തി.
235187 പേര്‍ക്കാണ് രോഗം ബാധിച്ചത്. 232817 പേര്‍ക്ക് രോഗം ഭേദമായി. 604 പേരാണ് ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 1766 കോവിഡ് രോഗികളാണ് ഖത്തറിലുള്ളതെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.