ബന്ന ചേന്ദമംഗല്ലൂരിന് ഔട്ട്സ്റ്റാന്റിംഗ് പ്രസന്റര്‍ അവാര്‍ഡ് സമ്മാനിച്ചു
ദോഹ : ബന്ന ചേന്ദമംഗല്ലൂരിന് ഗള്‍ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ ഔട്ട്സ്റ്റാന്റിംഗ് പ്രസന്റര്‍ അവാര്‍ഡ് സമ്മാനിച്ചു. നാല്‍പതാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ റൈറ്റേഴ്‌സ് ഫോറം ഹാളില്‍ നടന്ന പ്രത്യേക ചടങ്ങില്‍ സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മാടപ്പാടും മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീനും ചേര്‍ന്നാണ് അവാര്‍ഡ് സമ്മാനിച്ചത്. ഡോ. അമാനുല്ല വടക്കാങ്ങര, അഷ്റഫ് താമരശ്ശേരി, നവാസ് പൂനൂര്‍, ലിപി അക്ബര്‍, സി.എ റസാഖ്, എം.എ സുഹൈല്‍ എന്നിവര്‍ സംബന്ധിച്ചു.
കോവിഡ് കാലത്ത് മലയാളി സമൂഹം നെഞ്ചേറ്റിയ കഥാശ്വാസം, വിജയമന്ത്രങ്ങള്‍, എന്റെ കഥ എന്നീ പോഡ്കാസ്റ്റുകള്‍ പരിഗണിച്ചാണ് ബന്ന ചേന്ദമംഗല്ലൂരിനെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.
ബന്ന ചേന്ദമംഗല്ലൂരിന്റെ ശബ്ദസൗകുമാര്യവും അവതരണ ചാരുതയും എല്ലാവിഭാഗം ആസ്വാദകരെയും പിടിച്ച് നിര്‍ത്തുന്നതാണെന്ന് അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി.
അധ്യാപകന്‍, സിനിമ സംവിധായകന്‍, നടന്‍ തുടങ്ങി വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ഹസനുന്‍ ബന്ന കോഴിക്കോട് ജില്ലയില്‍ മുക്കത്തിനടുത്ത് ചേന്ദമംഗല്ലൂരില്‍ പരേതനായ ഇ.പി അബ്ദുള്ളയുടെയും ജമീലയുടെയും മകനാണ്. ഫാത്തിമയാണ് ഭാര്യ. ഹൈഫ ബന്ന, ഫൈഹ ബന്ന, ഫര്‍ഹ ബന്ന, ഹന്‍ഫ ബന്ന എന്നിവര്‍ മക്കളാണ്. ഭാര്യയും മക്കളും കലാകാരികളും ആസ്വാദകരുമാണ്.