സൂഖ് വഖിഫ് ആര്‍ട്ട് ജേര്‍ണി – കലയും , പൈതൃകവും , പാരമ്പര്യവും സമ്മേളിച്ച സര്‍ഗ്ഗയാത്ര

ദോഹ. ഖത്തറിന്റെ ചരിത്രവും സംസ്‌കാരവും കലയും ഒന്നിച്ചുചേരുന്ന മനോഹരമായ അനുഭവമായി ഗ്ലോബല്‍ റിഥം കള്‍ച്ചറല്‍ ക്‌ളബ് അവതരിപ്പിച്ച സൂഖ് വഖിഫ് ആര്‍ട്ട് ജേര്‍ണി സമാപിച്ചു.
ഖത്തറിന്റെ സമ്പന്നമായ പൈതൃകത്തെയും കലാപാരമ്പര്യത്തെയും അടുത്തറിയാനുള്ള ഈ യാത്ര, കലയും അറിവും സൗഹൃദവും യാത്രാരസവും നിറഞ്ഞ ഒരു സായാഹ്നമായി മാറി . പരിപാടിയ്ക്ക് നേതൃത്വം നല്‍കിയ ജി.ആര്‍.സി.സി . അധ്യക്ഷ രോഷ്‌നി കൃഷ്ണന്‍ യാത്രയുടെ എല്ലാ ഘട്ടങ്ങളിലും കുട്ടികള്‍ക്ക് നേരിട്ട് ലൈവ് ആര്‍ട്ട് ഡെമോണ്‍സ്‌ട്രേഷനുകള്‍ നടത്തുകയും ലൈവ് ആര്‍ട്ടിന്റെ സാധ്യതകളും സാങ്കേതികതളും ഉദാഹരണ സഹിതം വ്യക്തമാക്കികൊടുക്കുകയും ചെയ്തു.
പ്രകൃതിദൃശ്യങ്ങളെയും മൃഗങ്ങളെയും പക്ഷികളെയും ചിത്രമായി പകര്‍ത്തുന്നതിനുള്ള സാങ്കേതികതകളും എളുപ്പവഴികളും ലളിതമായ ഭാഷയില്‍ കുട്ടികള്‍ക്ക് വിവരിച്ച് കൊടുത്തു . കുട്ടികളില്‍ സൃഷ്ടിപരമായ കഴിവും ആവേശവും ഓര്‍മ്മകളും അനുഭവങ്ങളും ഉണര്‍ത്തുന്നതിനൊപ്പം ഖത്തറിന്റെ പരമ്പരാഗത മൂല്യങ്ങള്‍, ഫാല്‍ക്കണുകളുടെ സംസ്‌കാരിക പ്രാധാന്യം, ഒട്ടകങ്ങളുടെ മരുഭൂമിയിലുള്ള പങ്ക്, മരുജീവിതങ്ങളില്‍ ആദ്യകാലങ്ങളില്‍ കുതിരകളുടെയും മറ്റു പക്ഷിമൃഗാദികളുടെയും പങ്ക് എന്നിവയും വിശദീകരിച്ചു കൊടുത്തു.
നൂറു ദിവസത്തെ തുടര്‍ വര ചലഞ്ച് പൂര്‍ത്തിയാക്കിയ ഖത്തറിലെ ആദ്യ പ്രവാസി വനിതയായ റോഷ്നി കൃഷ്ണന്റെ ചിത്രകലാ അധ്യാപന ജീവിതത്തിലെ വ്യത്യസ്തവും പുതുമയും നിറഞ്ഞ ചിത്രയാത്രയായിരുന്നു എന്ന് അവര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്നും വിപുലമായ രീതിയില്‍ ഇത്തരം യാത്രകള്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ ഉറപ്പ് നല്‍കി. യാത്രയുടെ ഭാഗമായി ലൈവ് ആര്‍ട്ട് സെഷന്‍, ആര്‍ട്ട് ലേണിംഗ് വര്‍ക്ക്ഷോപ്പ്, ഹിസ്റ്റോറിക്കല്‍, ആര്‍ക്കിയോളജിക്കല്‍ യാത്ര , ഫാല്‍ക്കണ്‍ സൂഖ്, കുതിരാലയ സന്ദര്‍ശനം ഒട്ടക സൂഖ് സന്ദര്‍ശനം തുടങ്ങിയ നിരവധി വ്യത്യസ്തതകള്‍ ഉള്‍പ്പെടുത്തിയിരുന്നു. പിക്നിക് മൂഡോടുകൂടിയ ഈ സര്‍ഗ്ഗയാത്ര വിദ്യാര്‍ത്ഥികള്‍ക്കും കലാസ്‌നേഹികള്‍ക്കും പ്രചോദനമാവുകയും, ഓരോരുത്തരുടെയും മനസ്സില്‍ സൂഖ് വഖഫിന്റെ പൗരാണികതയുടെ ബിംബങ്ങള്‍ ആഴത്തില്‍ പതിയുകയും ചെയ്തു.
നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ബദൂവിയന്‍ വ്യാപാരികളുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ ഗലികളിലൂടെ, പരമ്പരാഗത അറേബ്യന്‍ എടുപ്പുകളിലൂടെ നടന്ന യാത്ര സംഘം ചിത്രങ്ങള്‍ ക്യമറയിലും കടലാസിലും മാറി മാറി പകര്‍ത്തുന്ന കാഴ്ച്ച ആധുനികതയുടെയും സാംസകാരിക തനിമയുടെയും സമന്വയ സമ്മേളനമായി മാറി. മുത്തും ചിപ്പിയും രത്‌നങ്ങളും സുഗന്ധദ്രവ്യങ്ങളും നിറഞ്ഞ അറേബ്യന്‍ പൈതൃകത്തിന്റെ അതുല്യമായ സമൃദ്ധി ഇപ്പോഴും അതേ ഭംഗിയോടെ നിലനില്‍ക്കുന്ന സ്ഥലമാണ് സൂഖ് വാഖിഫ്. ദോഹയുടെ ആത്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സ്ഥലത്ത് നൂറ്റാണ്ടുകള്‍ക്ക് പിറകിലേക്കുള്ള യാത്രയുടെ മായാജാലം അനുഭവിക്കാം. പനയോല മേഞ്ഞ പ്രാകൃത എടുപ്പുകളിലൂടെ അലഞ്ഞു നടക്കുന്നവര്‍ക്ക്, അറേബ്യയുടെ പൈതൃകത്തിന്റെ മണം, സംഗീതം, ചലനം എല്ലാം നിറഞ്ഞൊരു ലോകം തുറന്ന് കിട്ടും. വാദി മുഷൈരിബ് എന്ന കടല്‍ത്തീരത്തോട് ചേര്‍ന്നാണ് ഈ സൂഖിന്റെ ഉത്ഭവം. ബദൂവിയന്‍ വ്യാപാരികളും തദ്ദേശീയരായ നാട്ടുകാരും കാര്‍ഷിക, വ്യവസായ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനായി സ്ഥാപിച്ച ചന്തയാണ് ഇതിന്റെ തുടക്കം. കാലക്രമത്തില്‍ കച്ചവടം വര്‍ദ്ധിച്ചു, കടല്‍ മാര്‍ഗ്ഗം പത്തേമാരികള്‍ അടുപ്പിച്ച് സമ്പത്ത് നിറഞ്ഞ വ്യാപാര കേന്ദ്രമായി ഇത് മാറി. പുതിയ മാളുകളും വാണിജ്യ സമുച്ചയങ്ങളും ഉയര്‍ന്നതോടെ സൂഖ് വിസ്മൃതിയിലേയ്ക്ക് നീങ്ങിയെങ്കിലും, 2003 ലെ തീപിടുത്തത്തിന് ശേഷം, അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയും ഭാര്യ ഷെയ്ഖ മൗസ ബിന്‍ത് നാസറും ചേര്‍ന്ന് അതിനെ പുനരുദ്ധരിച്ചു. പഴയതിന്റെ തനിമ കാത്തുസൂക്ഷിച്ചുകൊണ്ട്, 2008-ല്‍ പുനര്‍നിര്‍മ്മിച്ച സൂഖ് വഖഫ് ഇന്ന് ഗള്‍ഫിലെ പരമ്പരാഗത അറേബ്യന്‍ മാര്‍ക്കറ്റുകളില്‍ പ്രധാനപ്പെട്ടതാണ്.
പൗരാണികതയുടെ പ്രൗഢി വിളിച്ചോതുന്ന പുരാവസ്തു ശേഖരങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങളാല്‍ നിറഞ്ഞ ഷോപ്പുകള്‍, കരകൗശല വിദഗ്ധരുടെ കയ്യൊപ്പ് ചേര്‍ന്ന വസ്തുക്കള്‍ എല്ലാം സൂഖിന്റെ ആത്മാവാണ്. ചെമ്പരത്തി ചായ മുതല്‍ ഊദും അത്തറും വരെ, സൂഖിന്റെ ഓരോ വഴിയിലും പൗരാണികതയുടെയും പാരമ്പര്യത്തിന്റെയും സ്പര്‍ശമുണ്ട് സ്വര്‍ണാഭരണ ശാലകളും വസ്ത്രനെയ്ത്തുകാരും മണ്‍പാത്ര നിര്‍മ്മാതാക്കളും സംഗീതജ്ഞരുമെല്ലാം ഒരേ പാരമ്പര്യ ബോധത്തില്‍ അണി നിരക്കുന്ന കാഴ്ച അതി മനോഹരമാണ്. ഫാല്‍ക്കണ്‍ സൂഖ് ഖത്തറിന്റെ അവിഭാജ്യ ഘടകമാണ്. ലക്ഷങ്ങളുടെ വില വരുന്ന ഫാല്‍ക്കണുകള്‍ ഇവിടെ പ്രദര്‍ശിപ്പിക്കുകയും വില്‍പ്പനയ്ക്കായി അവതരിപ്പിക്കുകയും ചെയ്യുന്നു. പെറ്റ് മാര്‍ക്കറ്റിലെ പക്ഷികളുടെയും മൃഗങ്ങളുടെയും ശേഖരങ്ങള്‍ സൂഖിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. സൂഖ് വഖഫ് കടലിന്റെ ശബ്ദവും മെട്രോ നഗരത്തിന്റെ പ്രകാശവുമായ ഒരു വിസ്മയ സംയോജനം തന്നെയാണ്. വശങ്ങളിലേക്ക് നോക്കുമ്പോള്‍ മഷ്രിബ് ഡൗണ്‍ടൗണിന്റെ ആധുനികതയും മുന്നോട്ടുനോക്കുമ്പോള്‍ കടല്‍തീരത്തിന്റെ സമൃദ്ധിയും നിറഞ്ഞ അദ്ഭുത ലോകമാണ് സൂഖ് വഖഫ്. സൂഖ് വഖിഫ് ആര്‍ട്ട് ജേര്‍ണി കല, പൈതൃകം, ചരിത്രം, അറിവ്, സൗഹൃദം എന്നിവയുടെ സംഗമമായൊരു ജീവിതാനുഭവമായിരുന്നു. സൂഖ് വഖഫിന്റെ വഴികളിലൂടെ നടന്നവര്‍ ഓരോരുത്തരും തങ്ങളിലെ കലാഹൃദയത്തെ കണ്ടെത്തി, ഖത്തറിന്റെ ഹൃദയ പൈതൃകത്തിന്റെ പുതു താളങ്ങളോടെ ചിത്രകലയുടെ നവ വാഗ്ദാനങ്ങളായി മടങ്ങി. പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആദരിച്ചു.



