50 ലക്ഷത്തിലധികം കോവിഡ് വാക്‌സിന്‍ നല്‍കി ഖത്തര്‍
ഡോ.അമാനുല്ല വടക്കാങ്ങര
ദോഹ: കോവിഡിനിതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഖത്തറിലെ ദേശീയ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ പുതിയ നാഴികകല്ല് പിന്നിട്ടു. ഇന്നലെ മന്ത്രാലയം പുറത്തിറക്കിയ കണക്കനുസരിച്ച് അമ്പത് ലക്ഷത്തി എഴായിരത്തി തൊള്ളായിരത്തി എണ്‍പത്തി എട്ട് ഡോസ് വാക്‌സിനുകളാണ് ഇത് വരെ നല്‍കിയത്. സ്വദേശികളെയും വിദേശികളെയും സംരക്ഷിക്കുക എന്ന നയമാണ് തുടക്കം മുതല്‍ ഖത്തര്‍ സ്വീകരിച്ച് വരുന്നത്.
ഏറ്റവും പുതിയ കണക്കനുസരിച്ച് ഖത്തറിലെ ജനസംഖ്യയില്‍ 85.5 ശതമാനമാളുകളും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവരാണ്. സാമൂഹിക പ്രതിരോധമെന്ന അവസ്ഥയിലേക്ക് ഖത്തര്‍ മാറി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
വാക്‌സിനേഷന്‍ രണ്ട് ഡോസെടുത്ത് എട്ട് മാസം പിന്നിട്ടവര്‍ക്കൊക്കെ ബൂസ്റ്റര്‍ ഡോസ് കൊടുത്ത് തുടങ്ങിയതോടെ ബൂസ്റ്റര്‍ ഡോസിനും ഡിമാന്റ് ഏറി വരുന്നുണ്ട്. ഇത് വരെ 127211 പേര്‍ കോവിഡ് ബൂസ്റ്റര്‍ ഡോസ് എടുത്തിട്ടുണ്ട്. വാക്‌സിനെടുത്ത് ആറ് മാസം കഴിഞ്ഞവര്‍ക്കൊക്കെ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനായി ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ് ബന്ധപ്പെടേണ്ടത്.