നാളെ മുതല്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ ചില വിമാനങ്ങളുടെ സമയങ്ങള്‍ മാറും

ദോഹ: നെറ്റ് വര്‍ക്ക് കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനും എയര്‍ലൈനിന്റെ ആഗോള നെറ്റ് വര്‍ക്കിലുടനീളമുള്ള തടസ്സങ്ങള്‍ കുറയ്ക്കുന്നതിനുമായി വരും ആഴ്ചകളില്‍ നിരവധി വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തിയതായി ഖത്തര്‍ എയര്‍വേയ്സ് പ്രഖ്യാപിച്ചു.
2025 ജൂണ്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ചില വിമാന പുറപ്പെടല്‍ സമയങ്ങള്‍ ആദ്യം നിശ്ചയിച്ചിരുന്നതിനേക്കാള്‍ മുമ്പായിരിക്കാം എന്ന് എയര്‍ലൈന്‍സ് യാത്രാ അലേര്‍ട്ടുകളില്‍ വ്യക്തമാക്കി. ആഗോള നെറ്റ്വര്‍ക്കിന്റെ സമഗ്രത, വിശ്വാസ്യത, പ്രതിരോധശേഷി എന്നിവ സംരക്ഷിക്കുന്നതിനാണ് ഈ മാറ്റങ്ങള്‍ എന്നും അത് കൂട്ടിച്ചേര്‍ത്തു.
‘യാത്രയ്ക്ക് മുമ്പ്, സുഗമമായ യാത്ര ഉറപ്പാക്കാന്‍ qatarairways.com വഴിയോ ഖത്തര്‍ എയര്‍വേയ്സ് മൊബൈല്‍ ആപ്പ് ഉപയോഗിച്ചോ യാത്രക്കാര്‍ അവരുടെ വിമാന പുറപ്പെടല്‍ സമയം പരിശോധിക്കണമെന്ന് ഖത്തര്‍ ദേശീയ എയര്‍ലൈന്‍ ഉപദേശിച്ചു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയെന്നും സുരക്ഷിതമായ വിമാന റൂട്ടുകള്‍ക്കായുള്ള അന്താരാഷ്ട്ര വ്യോമയാന ചട്ടങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്നുണ്ടെന്നും അത് ഊന്നിപ്പറഞ്ഞു.