ഖത്തറില്‍ കുമിഞ്ഞുകൂടിയ ട്രാഫിക് നിയമ ലംഘനങ്ങളുടെ പിഴ 50 ശതമാനം അടച്ച് പ്രശ്‌നം പരിഹരിക്കുന്ന സംവിധാനവുമായി ട്രാഫിക് വകുപ്പ് രംഗത്ത്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ കുമിഞ്ഞുകൂടിയ ട്രാഫിക് നിയമ ലംഘനങ്ങളുടെ പിഴ 50 ശതമാനം അടച്ച് പ്രശ്‌നം പരിഹരിക്കുന്ന സംവിധാനവുമായി ട്രാഫിക് വകുപ്പ് രംഗത്ത് . ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഡിസംബര്‍ 18 മുതല്‍, കുമിഞ്ഞുകൂടിയ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ 50 ശതമാനം അടച്ചാല്‍ മതിയാകുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഷഹ്വാനി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നടപ്പാക്കുന്ന പുതിയ പദ്ധതിയനുസരിച്ച് അടുത്ത മൂന്ന് മാസത്തിനുള്ളില്‍ കുമിഞ്ഞുകൂടിയ ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ അടക്കുമ്പോള്‍ 50 ശതമാനം കിഴിവ് ലഭിക്കും. മെട്രാഷ് 2 വഴി പണമടയ്ക്കാം.
അടുത്ത വര്‍ഷം (2022) ആദ്യം മുതല്‍ ട്രാഫിക് നിയമലംഘനങ്ങള്‍ സംബന്ധിച്ച് കര്‍ശനമായ നിയമനടപടികള്‍ ഉണ്ടാകുമെന്നതിനാല്‍ ഈ സംരംഭം പ്രയോജനപ്പെടുത്തണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഷഹ്വാനി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരുന്ന പുതിയ നടപടിക്രമങ്ങളില്‍, ട്രാഫിക് നിയമലംഘനങ്ങള്‍ക്കുളള പിഴ അടയ്ക്കുന്നതില്‍ പരാജയപ്പെടുന്നവരെ രണ്ട് മാസത്തിനുള്ളില്‍ സ്ഥിതിഗതികള്‍ ഭേദഗതി ചെയ്യുന്നതിനായി തുടര്‍നടപടികള്‍ക്കും സെറ്റില്‍മെന്റ് വിഭാഗത്തിനും റഫര്‍ ചെയ്യും, തുടര്‍ന്ന് ലംഘനങ്ങള്‍ പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്യും. ഇത് ഗുരുതരമായ നിയമനടപടികള്‍ക്ക് കാരണമായേക്കും.
ഖത്തര്‍ ദേശീയ ദിനം ആഘോഷിക്കുന്നതിനും നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനുമാണ് ട്രാഫിക് ലംഘനങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതെന്ന് അല്‍ ഷഹ്വാനി ഇന്ന് ഡിപ്പാര്‍ട്ട്മെന്റ് ആസ്ഥാനത്ത് സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ പറഞ്ഞു.