ദേശീയ കായിക ദിനം സജീവമാക്കി പ്രവാസി കൂട്ടായ്മകള്‍

ദോഹ. ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ സജീവമായി പ്രവാസി കൂട്ടായ്മകള്‍. രാവിലെ മുതല്‍ തന്നെ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് പ്രവാസി കൂട്ടായ്മകള്‍ സംഘടിപ്പിച്ചത്. മാര്‍ച്ച് പാസ്റ്റും മല്‍സരങ്ങളുമൊക്കെയായി ഏറെ ആവേശത്തോടെയാണ് പ്രവാസി കൂട്ടായ്മകള്‍ കായികദിനം അവിസ്മരണീയമാക്കിയത്.
ഖത്തറിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ഖത്തര്‍ കെഎംസിസി ഏഷ്യന്‍ ടൗണില്‍ സംഘടിപ്പിച്ച കായികദിനാഘോഷ പരിപാടികളില്‍ ആയിരങ്ങളാണ് അണി ചേര്‍ന്നത്.
ആവേശകരമായ മാര്‍ച്ചുപാസ്റ്റും വൈവിധ്യമാര്‍ന്ന മല്‍സരങ്ങളും കെഎംസിസിയുടെ നവോല്‍സവ് 2കെ24 ന്റെ ഭാഗമായാണ് അണിയിച്ചൊരുക്കിയത്.
പ്രവാസി വെല്‍ഫെയറും ഏഷ്യന്‍ ടൗണില്‍ തന്നെയാണ് തങ്ങളുടെ ദേശീയ കായിക ദിന പരിപാടികള്‍ സംഘടിപ്പിച്ചത്. കെ.എംസിസി രാവിലേയും പ്രവാസി വെല്‍ഫെയര്‍ വൈകുന്നേരവുമായി ഏഷ്യന്‍ ടൗണിനെ സജീവമാക്കി.
ചാലിയാര്‍ ദോഹ, ഡോം ഖത്തര്‍, ഖത്തര്‍ മഞ്ഞപ്പട തുടങ്ങി ചെറുതും വലുതുമായ നിരവധി കൂട്ടായ്മകള്‍ കായികദിനത്തില്‍ സജീവമായിപങ്കെടുത്തു.
ഇന്‍കാസ് ഖത്തര്‍ വിവിധ ജില്ലാകമ്മറ്റികളുടെ കീഴില്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടുനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടപ്പാക്കുന്നത്. കഴിഞ്ഞ ആഴ്ച തുടങ്ങിയ പരിപാടികള്‍ വിവിധ ദിനങ്ങളിലായി തുടരും.
ഖത്തര്‍ സംസ്‌കൃതിയുടെ കായികദിനപരിപാടികള്‍ മറ്റുദിവസങ്ങളിലാണ് നടക്കുക.
യുണീഖ് ഖത്തര്‍ മലയാളീസുമായും റിയാദ മെഡിക്കല്‍ സെന്ററുമായും സഹകരിച്ചാണ് ദേശീയ കായിക ദിനം സവിശേഷമാക്കിയത്.