രണ്ടാമത് ഖത്തര്‍ പബ്ലിക് ഹെല്‍ത്ത് കോണ്‍ഫറന്‍സിന് ഉജ്വല തുടക്കം
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ ലോക കപ്പിനെ വരവേല്‍ക്കാനുള്ള ഖത്തര്‍ ആരോഗ്യ മേഖലയുടെ തയ്യാറെടുപ്പുകള്‍ ഊന്നിപ്പറഞ്ഞ് നാല് ദിവസം നീണ്ടുനില്‍ക്കുന്ന രണ്ടാമത് ഖത്തര്‍ പബ്ലിക് ഹെല്‍ത്ത് കോണ്‍ഫറന്‍സിന് ഉജ്വല തുടക്കം. വെര്‍ച്വല്‍ പ്‌ളാറ്റ്‌ഫോമില്‍ 4000-ലധികം ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ പങ്കെടുക്കുന്ന സമ്മേളനം ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി ഉദ്ഘാടനം ചെയ്തു.
2022ലെ ഫിഫ ഖത്തര്‍ ലോകകപ്പിനെ പിന്തുണയ്ക്കുന്നതില്‍ ആരോഗ്യ സംരക്ഷണ മേഖല പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും അതിനുള്ള എല്ലാ ഒരുക്കങ്ങളും നടന്നുവരുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
ഖത്തറിന്റെ വിജയകരമായ കോവിഡ് സമീപനം ‘പ്രാദേശികവും അന്തര്‍ദേശീയവുമായ പങ്കാളിത്തവും കമ്മ്യൂണിറ്റിയുടെ ഇടപെടലുമുള്ള ഗവണ്‍മെന്റിന്റെ സമഗ്രമായ നിലപാടിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ഡോ. അല്‍ കുവാരി പറഞ്ഞു.
”ഞങ്ങളുടെ ഫിഫ ലോകകപ്പ് 2022 തയ്യാറെടുപ്പുകളും ഇതേ അടിസ്ഥാന തത്വങ്ങളില്‍ നിന്നാണ് രൂപീകരിച്ചിരിക്കുന്നത്. മുന്നിലുള്ള അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ച് ഞാന്‍ ആവേശഭരിതരാണ്, ഞങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള വൈദഗ്ധ്യവും അനുഭവപരിചയവും പ്രതിബദ്ധതയും ഞങ്ങളുടെ ആരോഗ്യ പരിപാലന സമൂഹത്തില്‍ ഉണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്,
ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ; ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍, ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ്; സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി തുടങ്ങിയവരും സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു.