ഖത്തര്‍ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി 300 കാട്ടുമരങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള പദ്ധതിയുമായി ഖുര്‍ആനിക് ബൊട്ടാണിക് ഗാര്‍ഡന്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി 300 കാട്ടുമരങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള പദ്ധതിയുമായി ഖുര്‍ആനിക് ബൊട്ടാണിക് ഗാര്‍ഡന്‍ (ക്യു.ബി.ജി)
കാര്‍ബണ്‍ കുറച്ചും രാജ്യത്തെ മരുഭൂമീകരണം പരിമിതപ്പെടുത്തിയും പ്രദേശത്തിന്റെ സ്വാഭാവിക പാരിസ്ഥിതിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാന്‍ സഹായിക്കുന്നതിന് അല്‍ നസ്രാനിയയിലെ റൗദത്ത് അല്‍-ഫറസിലാണ് 300 കാട്ടുമരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ പദ്ധതിയിടുന്നത്. ഫെബ്രുവരി 24 ന് ക്യുബിജിയും അതിന്റെ പങ്കാളികളും ഖത്തര്‍ പരിസ്ഥിതി ദിനം മരങ്ങള്‍ നട്ടുകൊണ്ട് ആഘോഷിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
നമ്മുടെ പൂന്തോട്ടത്തിനും രാജ്യത്തിന് മൊത്തത്തിലും ഖത്തര്‍ പരിസ്ഥിതി ദിനം വളരെ പ്രധാനപ്പെട്ട ദിവസമാണ്. വരും തലമുറകള്‍ക്കായി ഒരു നല്ല പച്ചപ്പുള്ള നാളെ സൃഷ്ടിക്കാനുള്ള നമ്മുടെ കടമയുടെ ഓര്‍മ്മപ്പെടുത്തലാണിതെന്ന് ക്യുബിജി ഡയറക്ടര്‍ ഫാത്തിമ അല്‍ ഖുലൈഫി പറഞ്ഞു
2022-ല്‍ ക്യുബിജിയുടെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, ഞങ്ങളുടെ പ്ലാന്റ് റിസോഴ്‌സ് കണ്‍സര്‍വേഷന്‍ സെന്ററില്‍ നട്ടുവളര്‍ത്തിയ 1,000 വന്യ സസ്യ ഇനങ്ങളുടെ തൈകള്‍ ഞങ്ങള്‍ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ സംരക്ഷണ, വന്യജീവി വകുപ്പിന് നല്‍കും. കൂടാതെ, ഞങ്ങളുടെ പരിസ്ഥിതി വിദഗ്ധരും ഗവേഷകരും അടങ്ങുന്ന സംഘം ലൈറ്റ് മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് വിത്ത് സാമ്പിളുകളുടെ കൃത്യമായ ഇമേജിംഗ് വഴി ‘ഖത്തരി സസ്യങ്ങളുടെ വിത്ത് പാറ്റേണുകളും മുളപ്പിക്കലും’ എന്നതിനെക്കുറിച്ച് ഒരു ഫീല്‍ഡും ലബോറട്ടറി പഠനം നടത്തുകയും പരിസ്ഥിതി ശാസ്ത്രവുമായി ഒരു സംയുക്ത ഗവേഷണ സംഘം രൂപീകരിക്കുകയും ഖത്തറിലെ ജനിതക വിഭവങ്ങള്‍ സംരക്ഷിക്കാനും രേഖപ്പെടുത്താനുമുള്ള കേന്ദ്രമൊരുക്കുകയും ചെയ്യുമെന്ന് അല്‍-കുലൈഫി തുടര്‍ന്നു.
ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയുമായുള്ള ഞങ്ങളുടെ പങ്കാളിത്തത്തിലൂടെ ഖത്തറിന്റെ സുസ്ഥിര വികസനത്തിനും പരിസ്ഥിതി സംരക്ഷണ ശ്രമങ്ങള്‍ക്കും ഞങ്ങള്‍ തുടര്‍ന്നും പിന്തുണ നല്‍കും. അവര്‍ക്ക് 2.5 മില്യണ്‍ മരങ്ങള്‍ സംഭാവന ചെയ്യാമെന്ന് ഞങ്ങള്‍ പ്രതിജ്ഞയെടുത്തിട്ടുണ്ട്. . ഖത്തറിലുടനീളം അവരുടെ സന്നദ്ധപ്രവര്‍ത്തകര്‍ ഈ മരങ്ങള്‍ നട്ടുപിടിപ്പിക്കും. ഇതോടെ, അറബ് ലോകത്താകമാനം 50 ദശലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള അറബ് റെഡ് ക്രസന്റിന്റെയും റെഡ് ക്രോസിന്റെയും പരിസ്ഥിതി സംരംഭത്തിന്റേയും 2030 ഓടെ 10 ദശലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള ഖത്തറിന്റെ പദ്ധതികളുടേയും ഭാഗമാകുമെന്ന് ഫാത്തിമ അല്‍ ഖുലൈഫി പറഞ്ഞു