Archived Articles

സ്ത്രീ, തലമുറകള്‍ക്ക് കരുത്ത് പകരേണ്ടവള്‍ – ഫോക്കസ് ലേഡീസ്

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ പ്രമുഖ വനിതാ യുവജന കൂട്ടായ്മയായ ഫോക്കസ് ലേഡീസ് സംഘടിപ്പിച്ച ”മീ ബിഫോര്‍ യു” സെഷന്‍ വനിതകളുടെ സാന്നിധ്യത്താലും ചര്‍ച്ചകളാലും ശ്രദ്ധേയമായി. ഫോക്കസ് ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ഡോണ്ട് ലൂസ് ഹോപ് എന്ന മാനസികാരോഗ്യ കാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

പ്രശസ്ത ലൈഫ് കോച്ചും ആസ്പയര്‍ ടു ഇന്‍സ്പയര്‍ സ്ഥാപകയുമായ ഡോ. ഫെമിദ അലി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. സ്ത്രീ അടുക്കളയില്‍ മാത്രമായി ഒതുങ്ങേണ്ടവളല്ല, മറിച്ച് സാമൂഹിക സാംസ്കാരിക-വിദ്യാഭ്യാസ മേഖലകള്‍ക്ക് നേതൃത്വം നല്‍കാന്‍ പ്രാപ്തയാകണമെന്ന് ഡോ.ഫെമിദ പറഞ്ഞു. ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന സ്ത്രീ സ്വയം ശാക്തീകരിക്കപ്പെടേണ്ടത് അനിവാര്യമാണ്. കുടുംബജീവിതത്തില്‍ വലിയ പങ്കുവഹിക്കുന്ന സ്ത്രീ എപ്പോഴും വിദ്യാഭ്യാസമുള്ളവളായിരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിദ്യാസമ്പന്നനായ ഒരാള്‍ക്ക് മാത്രമേ വരും തലമുറയ്ക്ക് അറിവ് പകര്‍ന്നു കൊടുക്കാന്‍ സാധിക്കുകയുള്ളൂ എന്ന ആശയം, സെഷന്‍ വളരെ താല്‍പ്പര്യത്തോടെ ചര്‍ച്ച ചെയ്തു.
ഐസിബിഎഫ് ട്രഷറര്‍ കുല്‍ദീപ് കൗരി, നസീം അല്‍ റബീഹ് പ്രതിനിധി സിസ്റ്റര്‍ സുജ, എംജിഎം പ്രസിഡണ്ട് സൈനബ ടീച്ചര്‍, വഹാബ് ഫൗണ്ടേഷന്‍ സിഇഒ വാര്‍ദ മാമുക്കോയ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഡോ.ഫെമിദ അലിക്ക് വാര്‍ദാ മാമുക്കോയ ഉപഹാരം കൈമാറി.

ഫോക്കസ് ലേഡീസ് അഡ്മിന്‍ മാനേജര്‍ അസ്മിന നാസര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാദില മുനീര്‍, ഡോ.ഫാരിജ ഹുസൈന്‍, മുഹ്സിന ഹാഫിസ്, സുആദ ഇസ്മായില്‍, നിഷാദ ഫായിസ്, ദില്‍ബ മിദ്ലാജ്, സിജില സഫീര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!