ഖത്തറില്‍ പ്രൈവറ്റ് സ്‌കൂളുകളിലും കിന്റര്‍ഗാര്‍ഡനുകളിലുമായി 62000 ലധികം സീറ്റുകളൊഴിവ്
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലുമായി 62,000 ലധികം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതായും അപേക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ അടുത്ത അധ്യയന വര്‍ഷത്തില്‍ പുതിയ സ്‌കൂളുകള്‍ തുറക്കുമെന്നും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ സ്‌കൂള്‍ ലൈസന്‍സിങ് വിഭാഗം വെളിപ്പെടുത്തി. .
രാജ്യത്ത് വിവിധ പാഠ്യ പദ്ധതികളനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ മൊത്തം 62680 സീറ്റുകള്‍ ഒഴിവുണ്ട്. ഇന്ത്യന്‍ കരികുലത്തില്‍ 2787 സീറ്റുകളാണ് ഒഴിവുള്ളത്.
2022-2023 അധ്യയന വര്‍ഷത്തേക്കുള്ള സ്വകാര്യ സ്‌കൂളുകളുടെയും കിന്റര്‍ഗാര്‍ട്ടനുകളുടെയും രജിസ്ട്രേഷന്‍ നടപടികള്‍ ഈ മാസം ഒന്നിന് ആരംഭിച്ചിട്ടുണ്ട്. ഖത്തറിനുള്ളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ 13 വ്യാഴാഴ്ച വരെയും രാജ്യത്തിന് പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 2023 ജനുവരി വരെയും രജിസ്ട്രേഷന്‍ തുടരും.
ഖത്തറില്‍ 334 സ്വകാര്യ സ്‌കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളുമാണുള്ളത്. പാഠ്യപദ്ധതിയും ട്യൂഷന്‍ ഫീസും കണക്കിലെടുത്ത് കുട്ടികള്‍ക്ക് അനുയോജ്യമായ സ്‌കൂള്‍ തിരഞ്ഞെടുക്കാന്‍ രക്ഷിതാക്കളോട് പ്രൈവറ്റ് സ്‌കൂള്‍ ലൈസന്‍സിങ് വകുപ്പ് ഡയറക്ടര്‍ ഹമദ് മുഹമ്മദ് അല്‍ ഗാലി ആവശ്യപ്പെട്ടു.
മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ സ്‌കൂളുകളുടെ വിശദാംശങ്ങള്‍ മനസിലാക്കാനും അനുയോജ്യമായവ തെരഞ്ഞെടുക്കുവാനും സാധിക്കുമെന്ന് അല്‍ ഗാലി പറഞ്ഞു.