ഫിഫ 2022 ലോകകപ്പിന് ഇതുവരെ 20 ടീമുകള്‍ യോഗ്യത നേടി
റഷാദ് മുബാറക്
ദോഹ: കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പ് ഖത്തറിന് ഇതുവരെ 20 ടീമുകള്‍ യോഗ്യത നേടി. 36 വര്‍ഷങ്ങള്‍ക്ക് ശേഷം ലോക കപ്പില്‍ കളിക്കാന്‍ കാനഡ യോഗ്യത നേടിയതോടെ ആതിഥേയരായ ഖത്തറടക്കം 20 രാജ്യങ്ങള്‍ പങ്കാളിത്തം ഉറപ്പിച്ചു കഴിഞ്ഞു. ഇനി 12 രാജ്യങ്ങളുടെ കാര്യത്തിലാണ് തീരുമാനമാകാനുള്ളത്.
യൂറോപ്പില്‍ നിന്നുള്ള ബെല്‍ജിയം, ക്രൊയേഷ്യാ, ഡെന്‍മാര്‍ക്, ഇംഗ്‌ളണ്ട് , ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലാന്റ്‌സ് , സെര്‍ബിയ, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നീ 10 ടീമുകളാണ് ഇതിനകം ലോകകപ്പ് യോഗ്യത നേടിയത്. ഇനി മൂന്ന് ടീമുകള്‍ക്കാണ് യൂറോപ്പില്‍ നിന്നും അവസരമുള്ളത്.
വെയില്‍സ് , സ്‌കോട്‌ലാന്റ് , ഉക്രൈന്‍ , പോളണ്ട്, സ്വീഡന്‍, പോര്‍ച്ചുഗല്‍, നോര്‍ത്ത് മെസഡോണിയ എന്നിവയില്‍ നിന്നും ജയിക്കുന്ന മൂന്ന് ടീമുകളാണ് ലോക കപ്പിന് യോഗ്യത നേടുക.2021 ലെ യൂറോപ് ചാമ്പ്യന്മാരായ ഇറ്റലിയെ തകര്‍ത്താണ് നോര്‍ത്ത് മെസഡോണിയ യോഗ്യത മല്‍സരത്തില്‍ സ്ഥാനം പിടിച്ചത്.
സൗത്ത് അമേരിക്കയില്‍ നിന്നും അര്‍ജന്റീന, ബ്രസീല്‍, ഇക്കഡോര്‍, ഉറുഗ്വേ എന്നീ 4 ടീമുകള്‍ ഇതിനകം യോഗ്യത നേടി കഴിഞ്ഞു. സൗത്ത് അമേരിക്ക ഏഷ്യ വന്‍കരകള്‍ തമ്മില്‍ നടക്കുന്ന മല്‍സരത്തില്‍ വിജയിക്കുന്ന ഒരു ടീമിനും കൂടി അവസരം ലഭിക്കും.
ഏഷ്യയില്‍ നിന്നും ആതിഥേയരായ ഖത്തറിന് പുറമേ ഇറാന്‍, സൗദി അറേബ്യ, ജപ്പാന്‍ , സൗത്ത് കൊറിയ എന്നീ 4 രാജ്യങ്ങളാണ് ഇതിനികം ലോക കപ്പില്‍ കളിക്കാന്‍ യോഗ്യത നേടിയത്.
ആഫ്രിക്കയില്‍ നിന്നും ഈജിപ്ത്, സെനഗല്‍, കാമറൂണ്‍,, അള്‍ജീരിയ , ഗാന, നൈജീരിയ, ഡി.ആര്‍. കൊംഗോ, മൊറോക്കോ, മാലി, തുനീഷ്യ എന്നീ 10 രാജ്യങ്ങളില്‍ നിന്നും 5 ടീമുകള്‍ക്കാണ് അവസരം ലഭിക്കുക.
നോര്‍ത്ത് സെന്റര്‍ അമേരിക്ക ആന്റ് കരീബിയന്‍ രാജ്യങ്ങളില്‍ നിന്നും മൂന്ന് ടീമുകള്‍ക്ക് അവസരം ലഭിക്കും. കൂടാതെ ഓഷ്യാനിയ ടീമുമായി ജയിക്കുന്നവരും യോഗ്യത നേടും. ഈ വിഭാഗത്തില്‍ നിന്നും കാനഡ മാത്രമാണ് ഇതിനകം യോഗ്യത നേടിയത്. കോസ്ട്രിക്ക, മെക്‌സികോ, പനാമ, യു.എസ്. എ. എന്നീ ടീമുകളില്‍ നിന്നും ജയിക്കുന്ന രണ്ട് ടീമുകള്‍ക്ക് അവസരമുണ്ടാകും.
ഓഷ്യാനിയയില്‍ നിന്നും ന്യൂസിലാന്റ്, പാപ്വാ നീ ഗുനിയ, സോളമന്‍ ഐലന്റ്, തെഹീതി എന്നിവയില്‍ നിന്നും ഒരും ടീമിനാണ് യോഗ്യത ലഭിക്കുക.
ഏപ്രില്‍ ഒന്നിന് ദോഹയില്‍ നടക്കുന്ന ഫൈനല്‍ ഡ്രോയിലാണ് ഏതൊക്കെ ടീമുകള്‍ തമ്മിലാണ് പോരാട്ടം നടക്കുകയെന്ന് വ്യക്തമാവുക.
മിഡില്‍ ഈസ്റ്റിലെയും അറബ് ലോകത്തിലെയും ആദ്യത്തെ ലോകകപ്പ് നവംബര്‍ 21 ന് ആരംഭിച്ച് 28 ദിവസത്തെ വിവിധ മാച്ചുകളില്‍ ലോകോത്തര ടീമുകള്‍ മല്‍സരിച്ച് ഡിസംബര്‍ 18 ന് ഖത്തര്‍ ദേശീയ ദിനത്തില്‍ കലാശക്കൊട്ടിന് സാക്ഷ്യം വഹിക്കും. കാല്‍പന്തുകളിയുടെ ആരവങ്ങള്‍ക്കായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് സവിശേഷമായ അനുഭവമൊരുക്കുമെന്നാണ് ഖത്തറിലെ ഫിഫ ലോകപ്പ് മുഖ്യ സംഘാടകരായ സുപ്രീം കമ്മററി ഫോര്‍ഡെലിവറി ആന്റ് ലെഗസി വ്യക്തമാക്കിയിരിക്കുന്നത്.
കായിക ലോകത്ത് ആവേശത്തിരകളുയര്‍ത്തി കൊച്ചുരാജ്യമായ ഖത്തര്‍ ഫിഫ ലോകകപ്പിന് ആതിഥ്യമരുളുവാനുള്ള എല്ലാ സജ്ജീകരണങ്ങളുമായി മുന്നോട്ടുപോവുകയാണ് .ടിക്കറ്റ് വില്‍പനക്ക് ലഭിക്കുന്ന വമ്പിച്ച പ്രതികരണം സംഘാടകരുടെ ആവേശം വാനോളമുയര്‍ത്തിയിരിക്കുന്നു.