ദോഹ കോര്‍ണിഷില്‍ ഈന്തപ്പനയുടെ ഡിസൈനില്‍ 557 അലങ്കാര വിളക്കുകള്‍ സ്ഥാപിച്ച് അശ്ഗാല്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും സൗന്ദര്യവല്‍ക്കരണത്തിനായുള്ള സൂപ്പര്‍വൈസറി കമ്മിറ്റി മറ്റൊരു നാഴികക്കല്ല് കൂടി കൈവരിച്ചു, പൊതുമരാമത്ത് അതോറിറ്റി (അശ്ഗാല്‍) ദോഹ കോര്‍ണിഷില്‍ ഈന്തപ്പനയുടെ ഡിസൈനില്‍ 557 ഇലങ്കാര വിളക്കുകള്‍ സ്ഥാപിച്ചു.
ഈ വര്‍ഷം മൂന്നാം പാദത്തോടെ ഏകദേശം 10 കിലോമീറ്റര്‍ വിസ്തൃതിയില്‍ 1,210 ലൈറ്റുകള്‍ സ്ഥാപിക്കുമെന്ന് അഷ്ഗാല്‍ ഇന്നലെ പ്രസ്താവനയില്‍ അറിയിച്ചു.
ദോഹ കോര്‍ണിഷ്, സെന്‍ട്രല്‍ ദോഹ പ്രദേശങ്ങള്‍ മോഡിപിടിപ്പിക്കുന്നതിന് അലങ്കാര ലൈറ്റിംഗ് തൂണുകള്‍ സ്ഥാപിക്കുവാന്‍ പ്രാദേശിക കമ്പനികളുമായി അശ്ഗാല്‍ കഴിഞ്ഞ വര്‍ഷം കരാറില്‍ ഒപ്പുവെച്ചിരുന്നു.
ദോഹ കോര്‍ണിഷില്‍ റാസ് ബു അബൂദ് പാലം മുതല്‍ ദോഹ സിറ്റിസ്‌കേപ്പ് ഏരിയ വരെയും സെന്‍ട്രല്‍ ദോഹയിലെ 2 ചതുരശ്ര കിലോമീറ്ററിലും എല്‍ഇഡി ലൈറ്റിംഗ് നല്‍കുന്നതിനായി രണ്ട് പ്രാദേശിക കമ്പനികള്‍ പ്രാദേശികമായി നിര്‍മ്മിച്ച തൂണുകളാണ് വിതരണം ചെയ്യുന്നത്.
കോര്‍ണിഷ് പ്രദേശത്തെ ഈന്തപ്പനകളുമായി പൊരുത്തപ്പെടുന്ന തരത്തിലാണ് ഈന്തപ്പനയുടെ രൂപകല്പന തിരഞ്ഞെടുത്തത്, അതേസമയം, നടന്നുകൊണ്ടിരിക്കുന്ന സൗന്ദര്യവല്‍ക്കരണത്തിനും ലാന്‍ഡ്‌സ്‌കേപ്പിംഗ് ജോലികള്‍ക്കും യോജിച്ച ട്രീ ലീഫ് ഡിസൈനാണ് സെന്‍ട്രല്‍ ദോഹയില്‍ തിരഞ്ഞെടുത്തത്.