സമഗ്രവും സുസ്ഥിരവുമായ മാറ്റം ഉറപ്പാക്കാന്‍ തൊഴില്‍ പരിഷ്‌കാരങ്ങള്‍ തുടരും. ഖത്തര്‍ തൊഴില്‍ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ. തൊഴിലാളികളുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും മുന്തിയ പരിഗണനയാണ് ഖത്തര്‍ നല്‍കുന്നതെന്നും സമഗ്രവും സുസ്ഥിരവുമായ മാറ്റം ഉറപ്പാക്കാന്‍ തൊഴില്‍ പരിഷ്‌കാരങ്ങള്‍ തുടരുമെന്നും ഖത്തര്‍ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ആംനസ്റ്റി ഇന്റര്‍നാഷലിന്റെ ഈയിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനുളള മറുപടിയിലാണ് ഖത്തര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ 5 വര്‍ഷത്തിലധികമായി തൊഴില്‍ രംഗത്ത് മാതൃകാപരമായ നീക്കങ്ങളാണ് ഖത്തര്‍ നടത്തുന്നതെന്നും ലോകാടിസ്ഥാനത്തില്‍ തന്നെ പല രാജ്യങ്ങളും ഖത്തര്‍ മാതൃക പിന്തുടരാന്‍ തുടങ്ങിയെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
പല രാജ്യങ്ങളും പതിറ്റാണ്ടുകള്‍ കൊണ്ട് നേടിയ തൊഴില്‍ പരിഷ്‌കാരങ്ങള്‍ ചുരുങ്ങിയ കാലം കൊണ്ടാണ് ഖത്തര്‍ സാക്ഷാല്‍ക്കരിച്ചതെന്നും തൊഴിലാളി ക്ഷേമ രംഗത്ത്് പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ലാബര്‍ ഓര്‍ഗനൈസേഷന്‍, നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഖത്തര്‍ തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ കൊണ്ടുവന്നത്.
പരസ്പര വിശ്വാസത്തിന്റേയും സമര്‍പ്പിതമായ കഠിനാദ്ധ്വാനത്തിന്റേയുമടിസ്ഥാനത്തിലാണ് ഈ മാറ്റങ്ങള്‍ നടപ്പാക്കിയത്. സ്വദേശീയ വിദേശീയ ബിസിനസ് സമൂഹങ്ങളുമായും സംരംഭകരുമായും സഹകരിച്ചും ചര്‍ച്ച ചെയ്തുമാണ് തൊഴില്‍ മേഖല നവീകരിച്ചത്. ഇന്ന് ഏത് പരിഷ്‌കൃത സമൂഹത്തിന് മാതൃകയായി ഖത്തര്‍ തൊഴില്‍ മേഖല വളര്‍ന്നിരിക്കുന്നതായി റിപ്പോര്‍ട്ട് ഊന്നിപ്പറയുന്നു.
തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള ന്യായമായ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി ഗവണ്‍മെന്റ് സ്ഥാപിച്ച ദ വര്‍ക്കേര്‍സ് സപ്പോര്‍ട്ട് ആന്റ്് ഇന്‍ഷ്യൂറന്‍സ് ഫണ്ട് കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 110 മില്യണ്‍ യൂറോ വിതരണം ചെയ്തതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി തുടരുന്ന നിരന്തരമായ പരിശ്രമങ്ങളാണ് ഖത്തറിനെ തൊഴില്‍ക്ഷേമ രംഗത്തെ മാതൃകാപരമായ സ്ഥാനത്തെത്തിച്ചത്.