ഭൂമിക്ക് പച്ച കാര്‍ഡ് കാണിക്കാന്‍ ആഹ്വാനം ചെയ്ത് ഫിഫ പ്രസിഡന്റ്
അമാനുല്ല വടക്കാങ്ങര
ദോഹ. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഭൂമിക്ക് പച്ച കാര്‍ഡ് കാണിക്കാന്‍ ആഹ്വാനം ചെയ്ത് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ . പരിസ്ഥിതിയെ സംരക്ഷിക്കാനും ഭൂമിയെ നിലനിര്‍ത്താനും ആഗോളത തലത്തില്‍ അഭ്യര്‍ത്ഥന നടത്തി. ഫിഫ ലോകകപ്പ് ഖത്തര്‍ 2022 കാര്‍ബണ്‍ ന്യൂട്രല്‍ ആക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഫിഫ ആവര്‍ത്തിക്കുന്നു.
ഫിഫ ലോകകപ്പ് ഖത്തര്‍ 2022-ന് മുന്നോടിയായി, പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം ഉയര്‍ത്തിക്കാട്ടുന്നതിനായി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ നല്‍കിയ വീഡിയോ സന്ദേശം സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഈ നിര്‍ണായക വിഷയത്തെക്കുറിച്ചുള്ള അവബോധവും പ്രവര്‍ത്തനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ പ്രധാന വാഹനമായ ലോക പരിസ്ഥിതി ദിനം എല്ലാ വര്‍ഷവും ജൂണ്‍ 5-നാണ് ആഘോഷിക്കുന്നത്.
‘ഫിഫ പ്രസിഡന്റ് എന്ന നിലയില്‍, ഇന്ന് ലോക പരിസ്ഥിതി ദിനത്തില്‍, ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവരും പരിസ്ഥിതിയെക്കുറിച്ച് ശ്രദ്ധിക്കുന്നവരുമായ എല്ലാവരോടും ഫിഫയുടെ ഗ്രീന്‍ കാര്‍ഡ് ഉയര്‍ത്താന്‍ ഞാന്‍ ആവശ്യപ്പെടുന്നു,’ ജിയാനി ഇന്‍ഫാന്റിനോ തന്റെ വീഡിയോ സന്ദേശത്തില്‍ പറയുന്നു.
ഫിഫ ലോകകപ്പ് ഖത്തര്‍ 2022 കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുക എന്ന ലക്ഷ്യത്തോടെ ഫിഫ അതിന്റെ പങ്ക് വഹിക്കുന്നുണ്ട്. അതിനാല്‍, ഭൂമിക്കായി ഫിഫ ഗ്രീന്‍ കാര്‍ഡ് ഉയര്‍ത്താനും പരിസ്ഥിതിയെ സംരക്ഷിക്കാനും നമ്മുടെ ലോകത്തെ സംരക്ഷിക്കാനും നിങ്ങള്‍ എന്തുചെയ്യുമെന്ന് ഞങ്ങളോട് പറഞ്ഞുകൊണ്ട് ഒരു ഹ്രസ്വ സന്ദേശം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനും ഞാന്‍ നിങ്ങളോട് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ഫിഫ പ്രസിഡണ്ട് പറയുന്നു.
കഴിഞ്ഞ നവംബറില്‍, സ്‌കോട്ട്ലന്‍ഡില്‍ നടന്ന യുഎന്‍ കാലാവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സില്‍ ഫിഫ കാലാവസ്ഥാ തന്ത്രം പ്രസിദ്ധീകരിക്കുകയും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ചട്ടക്കൂട് കണ്‍വെന്‍ഷനിലെ പ്രതിജ്ഞ സ്ഥിരീകരിക്കുകയും ചെയ്തു . സ്പോര്‍ട്സ് ഫോര്‍ ക്ലൈമറ്റ് ആക്ഷന്‍ ഫ്രെയിംവര്‍ക്കില്‍, മലിനീകരണം 2030-ഓടെ 50% ആയി കുറയ്ക്കുന്നതിനും 2040-ഓടെ മൊത്തം പൂജ്യത്തിലെത്താനുമാണ് ആഹ്വാനം ചെയ്യുന്നത്.