ഖത്തറില്‍ നാളെ മുതല്‍ അടഞ്ഞ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ പ്രതിദിന ശരാശരി കോവിഡ് കേസുകള്‍ ഗണ്യമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നാളെ മുതല്‍ അടഞ്ഞ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കാന്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കൊറോണ വൈറസുമായി (കോവിഡ്-19) ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചുള്ള പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് കാബിനറ്റ് അവലോകനം ചെയ്യുകയും 2022 മെയ് 18-ന് നടന്ന 2022 വര്‍ഷത്തേക്കുള്ള റെഗുലര്‍ മീറ്റിംഗില്‍ (19) പുറപ്പെടുവിച്ച തീരുമാനത്തിലാണ് ഭേദഗതി വരുത്തിയത്.
നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിനാല്‍ ഖത്തറില്‍ കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നും വരും കാലയളവില്‍ ഇത് ഉയരുമെന്നും കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ മുന അല്‍ മസ്ലമാനി പറഞ്ഞു.
കാബിനറ്റ് പ്രഖ്യാപനത്തെത്തുടര്‍ന്ന്, അടച്ച പൊതു ഇടങ്ങളില്‍ ആറ് വയസും അതില്‍ കൂടുതലുമുള്ള എല്ലാ വ്യക്തികള്‍ക്കും മാസ്‌ക് നിര്‍ബന്ധമാണെന്ന് മന്ത്രാലയം വിശദീകരിച്ചു. ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍, ജോലിസ്ഥലം, പൊതുഗതാഗതം, മസ്ജിദുകള്‍, ജിമ്മുകള്‍, മാളുകള്‍, കടകള്‍, സിനിമാശാലകള്‍ എന്നിവ അടച്ചിട്ട മറ്റ് പൊതു സ്ഥലങ്ങള്‍ക്ക് പുറമെ ഇതില്‍ ഉള്‍പ്പെടുന്നു.