ഖത്തറിലെ ബ്രസീല്‍ ഫുട്‌ബോള്‍ ഫാന്‍സ് കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോക കപ്പിന് ആഥിത്യമരുളാന്‍ ഒരുങ്ങി നില്‍ക്കുന്ന ഖത്തറില്‍ ,ഫുട്ബാള്‍ പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് ഖത്തറിലെ ബ്രസീല്‍ ഫുട്‌ബോള്‍ ഫാന്‍സ് , കൂട്ടായ്മ ഒത്തുചേര്‍ന്നു.
കഴിഞ്ഞ ദിവസം മാള്‍ ഓഫ് ഖത്തറില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ ബ്രസീലിന്റെ സൂപ്പര്‍താരം മാഴ്‌സലൊ ഖത്തര്‍ ബ്രസീല്‍ ഫാന്‍സിന് വേണ്ടി ലോഗോ പ്രകാശനം ചെയ്തു .
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ദോഹ കോര്‍ണീഷിലെ കൗണ്ട് ഡൗണ്‍ ക്‌ളോക്കിന് സമീപം നടന്ന കൂട്ടായ്മയുടെ ആഘോഷത്തില്‍ മഞ്ഞ ജഴ്‌സിയണിഞ്ഞ് നൂറുകണക്കിന് മലയാളികളായ ബ്രസീല്‍ ആരാധകര്‍ പങ്കെടുത്തു. പൊള്ളുന്ന ചൂടിനെയും, ഉഷ്ണകാറ്റിനേയും വകവെയ്കാതെ പങ്കെടുത്ത ആരാധകരില്‍ ഭൂരിഭാഗവും ബ്രസീല്‍ , ഫാന്‍സ് അസ്സോസിയേഷന്റെ മലയാളികളായ അംഗങ്ങളായിരുന്നു.
ഖത്തറിന്റെയും, ബ്രസീലിന്റേയും പതാകകള്‍ വീശിയും,2022 ലോകകപ്പിന്റെ തീംസോംഗും, ബ്രസീലിന്റെ ഫുട്ബാള്‍ ഗീതവും ആലപിച്ചും ആവേശതിരയിളക്കി ,ആരാധകര്‍ ആഘോഷം കൊഴുപ്പിച്ചു.
പന്തുരുളുവാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്നതിന്റെ ആവേശത്തില്‍ ലോകകപ്പിനെ വരവേല്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന ഖത്തറിന് ഐക്യദാര്‍ഡ്യവും, സ്‌നേഹാദരവുകളും പ്രഖ്യാപിച്ചുകൊണ്ട് ആരംഭിച്ച ആഘോഷചടങ്ങുകള്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് ഡോ. മോഹന്‍ തോമസ്സ് കേക്ക് മുറിച്ച് ഉല്‍ഘാടനം ചെയ്തു.
കോര്‍ഡിനേറ്റര്‍ സല്‍മാന്‍ സ്വാഗതമാശംസിച്ചു. ജോണ്‍ ഗില്‍ബര്‍ട്ട്, ശ്രീജിത്ത് എസ് നായര്‍, ഷഹീന്‍ മജീദ്, ഹബീറലി, ഷംസീര്‍,ഹാഫില്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.