മലക്കാരി, വയനാടന്‍ ഗ്രാമജീവിതത്തിന്റെ സാംസ്‌കാരിക പൈതൃകങ്ങള്‍ അടയാളപ്പെടുത്തുന്ന നോവല്‍
അമാനുല്ല വടക്കാങ്ങര
ഖത്തറിലെ പ്രവാസി എഴുത്തുകാരനായ സുരേഷ് കൂവാട്ടിന്റെ മലക്കാരി വയനാടന്‍ ഗ്രാമജീവിതത്തിന്റെ സാംസ്‌കാരിക പൈതൃകങ്ങള്‍ അടയാളപ്പെടുത്തുന്ന നോവലാണെന്നാകും പലപ്പോഴും ആദ്യ വായനയില്‍ തോന്നുക. എന്നാല്‍ വരികള്‍ക്കിടയിലൂടെ വായിക്കുമ്പോള്‍ വയനാടിലെ പാര്‍ശ്വവവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ സാംസ്‌കാരിക ജീവിതത്തിന്റെ നേര്‍ചിത്രം നോവലില്‍ വായിച്ചെടുക്കാം.
ഈ കഥയിലെ കഥാപാത്രങ്ങളും അവരുടെ പേരുകളും അതില്‍ പറയുന്ന സംഭവങ്ങളുമെല്ലാം സാങ്കല്‍പികം മാത്രമാണെന്ന് നോവലിസ്റ്റ് തുടക്കത്തില്‍ തന്നെ മുന്‍കൂര്‍ ജാമ്യമെടുക്കുന്നുണ്ടെങ്കിലും ചരിത്രസ്മൃതികളുടെ കുറേ മായാത്ത മുദ്രകള്‍ നോവലില്‍ കാണാം.
കൂടുതല്‍ പേരുടെ ഓര്‍മകളില്‍ നിന്നും മാഞ്ഞുപോയാലും ഇങ്ങനെയും ചിലര്‍ ഇവിടെ ജീവിച്ചിരിപ്പുണ്ടെന്നതിന് തെളിവായി എവിടെയെങ്കിലും കുറച്ചുപേരുടെയെങ്കിലും ചിന്തകളില്‍ ആരെങ്കിലും അന്വേഷിച്ച് വരുന്നതും കാത്ത് അവര്‍ തെളിമയോടെ ബാക്കിയുണ്ടാകും.
ചരിത്രവും സംസ്‌കാരവും നാട്ടറിവുകളുമൊക്കെ ഇഴചേരുന്ന അന്വേഷണാത്മകമായ ഒരു യാത്രയുടെ അനുഭൂതിയാണ് മലക്കാരി വായനക്കാര്‍ക്ക് സമ്മാനിക്കുന്നത്. എഴുതി തീരരുതേ എന്നാഗ്രഹിക്കുന്ന ഒരു കഥാതന്തു ഏതൊരു എഴുത്തുകാരന്റെ ഉള്ളിലുമുണ്ടാകാം. ആ കഥയിലെ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ കാലാന്തരങ്ങള്‍ അന്യമാകുന്ന എഴുത്തനുഭവമാണ് മലക്കാരി തനിക്ക് നല്‍കിയതെന്ന് സുരേഷ് ആമുഖത്തില്‍ കുറിക്കുന്നുണ്ട്.
നമുക്ക് മുന്നേ നടന്നുപോയവരുടെ ജീവിതങ്ങള്‍ എഴുതുമ്പോഴാണ് ഭാവനയേക്കാള്‍ അക്ഷരങ്ങളിലെ സത്യം ശക്തമാകുന്നത്. വാചാലതയേക്കാള്‍ വികാരങ്ങള്‍ ശ്രദ്ധേയമാകുന്നത്. കള്ളം സമര്‍ഥിക്കാന്‍വേണ്ടി കലപിലകൂട്ടുന്നതിനിടയില്‍ മൗനമായിപ്പോകുന്ന സത്യത്തെയാണ് ഞാന്‍ ഇതില്‍ തെരഞ്ഞെടുത്തതെന്ന നോവലിസ്റ്റിന്റെ വാക്കുകളെ കഥയുടെ യാഥാര്‍ഥ്യവുമായി ബന്ധപ്പെടുത്താമെന്നാരെങ്കിലും കരുതിയാല്‍ അവരെ കുറ്റം പറയാനാവില്ല. ഒരിക്കല്‍ ഒരു ഗ്രാമത്തെ നടുക്കിയ ദുരൂഹ മരണത്തിന്റെ ഉള്ളറകളിലേക്കുള്ള അന്വേഷണാത്മകമായ ഒരു യാത്രയായാണ് നോവല്‍ വായനക്കാരനെ പിടിച്ചിരുത്തുക.
നോവലിന്റെ ഉദയ വികാസ പരിണാമങ്ങളും കഥാതന്തുവും ചരിത്രത്തിന്റെ അരികിലൂടെ സഞ്ചരിക്കുമ്പോള്‍ ഉദ്വേഗജനകമായമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന വായനക്കാരന്‍ 151 പുറങ്ങളുള്ള ഈ നോവല്‍ ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ക്കും. തലശ്ശേരിയില്‍ നിന്നും വയനാട്ടിലെ വള്ളിയൂര്‍ കാവിലേക്ക്….. തിരുനെല്ലി യിലേക്ക്….കാട്ടു മുത്തശ്ശിയിലേക്ക്.. അങ്ങനെയെത്രയോ ഗ്രാമങ്ങളിലൂടെയുള്ള അന്വേഷനാത്മകമായ സവിശേഷമായ ഒരു യാത്രയായി മലക്കാരി വായനക്കാരെ ആകര്‍ഷിക്കുന്നു. .
ഗോത്ര ജീവിതത്തിന്റെ താളവും സൗന്ദര്യവും തുടിക്കുന്ന അനിതര സാധാരണമായ സ്നേഹ ബന്ധങ്ങളെ അനുഭവിപ്പിക്കുന്ന ജീവനുള്ള കഥാപാത്രങ്ങള്‍ തന്നെയാണ് മലക്കാരിയുടെ കരുത്ത്്.ഗംഗയും ലീലയും ചീരനും, കിഞ്ഞാമനും വെള്ളനും വിശ്വനാഥനുംമൊന്നും അത്രപെട്ടന്നൊന്നും വായനക്കാരെ വിട്ടു പോവാനാവാത്തവിധം മനോഹരമായാണ് സുരേഷ് നോവല്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഫിക്ഷനും ചരിത്രവും കെട്ടുപിണഞ്ഞുകിടക്കുന്ന ഹൃദ്യമായ നിരവധി മുഹൂര്‍ത്തങ്ങളിലൂടെ വികസിക്കുന്ന നോവല്‍ അറനിറഞ്ഞ എഴുത്തുകാരന്റെ തികവോടെ അവതരിപ്പിച്ചാണ് സുരേഷ് കൂവാട്ട് വായനക്കാരുടെ കയ്യടി വാങ്ങുന്നത്.
പ്രശസ്ത എഴുത്തുകാരി ഷീല ടോമിയാണ് മലക്കാരിക്ക് അവതാരിക എഴുതിയത്
കീഴാളന്റെ മനസ്സിലൂടെ കഥ പറയാന്‍ ശ്രമിക്കുന്നുവെന്നതും മലക്കാരി എന്ന നോവലിനെ സവിശേഷമാക്കുന്നു. ദേശത്തേയും മനുഷ്യരേയും അറിയാന്‍ ശ്രമിക്കുന്ന നോവല്‍ പ്രായോഗിക ജീവിതത്തിന്റെ മായാത്ത മുദ്രകളാണ് വായനക്കാരന് സമ്മാനിക്കുന്നത്. കൈരളി ബുക്‌സാണ് പ്രസാധകര്‍.
ഖത്തര്‍ മലയാളിയായ സുരേഷ് കൂവാട്ടിന്റെ രണ്ടാമത്തെ പുസ്തകമാണിത്. പ്രഥമ കഥാസമാഹാരമായ തേന്‍വരിക്ക ലളിതമായ ആഖ്യാന ശൈലിയും ഗ്രാമീണ ഗാര്‍ഹിക ജീവിതത്തിന്റെ നിര്‍മലമായ സൗന്ദര്യബോധവും വരച്ചുകാണിച്ച് ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രീഡിഗ്രി കാലം മുതല്‍ എഴുതിയ കഥകളുടെ സമാഹാരമായിരുന്നു തേന്‍വരിക്ക. അമ്മ വീട്ടിലെ ഓര്‍മകളും ചര്യകളുമൊക്കെ കഥയെ ധന്യമാക്കി.
നറുനിലാവിന്‍ കുളിര്‍മയുള്ള ഗൃഹാതുര സ്മരണകള്‍ തേന്‍വരിക്കയില്‍ ഇഴചേര്‍ന്നുകിടക്കുന്നു. ബാല്യ കൗമാര സ്മൃതി പഥങ്ങളില്‍ നിന്നും ഉറവ പൂണ്ടവയാണ് മിക്ക രചനകളുമെന്ന് ആദ്യ വായനയിലേ ബോധ്യപ്പെടും. അനുഭവ തീഷ്ണത അക്ഷരക്കനവുകളില്‍ നിറുമ്പോള്‍ കഥാഖ്യാനത്തിന് ദൃശ്യപൊലിമയുടെ ചാരുത കൈവരുന്ന പോലെ തോന്നാം. ഹൃദയം ഹൃദയത്തോട് സംവദിക്കുന്ന തരത്തിലുള്ള ഗ്രാമീണ നിഷ്‌കളങ്ക ഭാവം ഓരോ രചനകളേയും വ്യതിരിക്തമാക്കുന്നു.
പ്രവാസം നല്‍കിയ വീര്‍പ്പുമുട്ടലുകള്‍ വായനയുടേയും എഴുത്തിന്റേയും വഴി തേടിയപ്പോള്‍ കേട്ടറിഞ്ഞതും പരിചിതരായതുമായ മുഖങ്ങളെ ഓര്‍ത്തെടുക്കുവാന്‍ ശ്രമിച്ചതാണ് ഈ കഥാസമാഹാരം എന്ന് പുസ്തകം പരിചയപ്പെടുത്തി ഗ്രന്ഥകാരന്‍ പറയുന്നത് അക്ഷരാര്‍ഥത്തില്‍ ശരിവെക്കുന്നവയാണ് ഓരോ കഥയും.
കുട്ടിക്കാലത്ത് അമ്മമ്മ പറഞ്ഞ കഥകള്‍ കേട്ട് വളര്‍ന്നതാണ് സുരേഷിലെ കഥാകൃത്തിന് ഊര്‍ജം പകര്‍ന്നതെന്നറിയുമ്പോള്‍ സമകാലിക സമൂഹത്തില്‍ കഥ പറയുന്ന അമ്മൂമമാരില്ലാത്തതിന്റെ വേദന ചില വായനക്കാര്‍ക്കെങ്കിലും അനുഭവപ്പെടും.
കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ ചമ്പാട്ട് ദേശത്ത് കൂവാട്ട് പ്രേമദാസന്റേയും കുളവട്ടത്ത് സതിയുടേയും നാലുമക്കളില്‍ ഇളയവനായി ജനിച്ച സുരേഷ് പ്രീഡിഗ്രിക്ക് ശേഷം ഡ്രോയിംഗും ഡിസൈനിംഗും പഠിച്ച് കണ്ണൂര്‍, തലശ്ശേരി , കോഴിക്കോട് എന്നിവിടങ്ങളില്‍ ഡിസൈനറായി ജോലി ചെയ്തു. മൂന്ന് വര്‍ഷം ഷാര്‍ജയില്‍ ജോലി ചെയ്ത ശേഷമാണ് ദോഹയിലെത്തിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി ഖത്തറിലെ പ്രശസ്തമായ റെസ്റ്റോറന്റ് ശൃംഖലയായ ടീ ടൈം ഗ്രൂപ്പില്‍ മീഡിയ കോര്‍ഡിനേറ്ററായാണ് ജോലി ചെയ്യുന്നത്.
പ്രവാസജീവിതത്തിന്റെ ഒറ്റപെടലുകളെ ഊര്‍ജ്ജമാക്കി ജോലി തിരക്കിനിടയിലും സുരേഷ് പുതിയൊരു നോവലിന്റെ എഴുത്തിലാണ്.
സുനജയാണ് ഭാര്യ, അവന്തിക, ഗൗതമി എന്നിവര്‍ മക്കളാണ്.