ഹയ്യ കാര്‍ഡുകളുള്ള ഫിഫ ലോകകപ്പ് ആരാധകര്‍ക്ക് 60 ദിവസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി സൗദി വിസക്ക് അപേക്ഷിക്കാം
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ 2022 ലോകകപ്പ് ഖത്തറിനെത്തുന്ന ഹയ്യ കാര്‍ഡുകളുള്ള ഫിഫ ലോകകപ്പ് ആരാധകര്‍ക്ക് ഖത്തറില്‍ ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് 10 ദിവസം മുമ്പെങ്കിലും സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് 60 ദിവസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിയുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നവംബര്‍ 20 നാണ് ഖത്തറില്‍ ലോകകപ്പ് ആരംഭിക്കുന്നത്.
വിസയില്‍ രാജ്യത്തേക്ക് പ്രവേശനം നേടുന്നതിന് യാത്രക്കാര്‍ ഖത്തറിലൂടെ വരേണ്ടതില്ല, പക്ഷേ മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്.
രാജ്യത്തിന്റെ ഏകീകൃത ദേശീയ പ്ലാറ്റ്ഫോം വഴി വിസകള്‍ക്ക് അപേക്ഷിക്കാമെങ്കിലും, അപേക്ഷാ നടപടിക്രമങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു.
ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങളില്‍ പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും ആവശ്യമായ വ്യക്തിഗതമാക്കിയ ഫാന്‍ ഐഡിയാണ് ഹയ്യ കാര്‍ഡ്. നവംബര്‍ 1 മുതല്‍ ഖത്തറില്‍ സന്ദര്‍ശനം നടത്തണമെങ്കിലും മത്സര ദിവസം സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാനും ഹയ്യ കാര്‍ഡും ഉചിതമായ മത്സര ടിക്കറ്റും ആവശ്യമാണ്.