ഫിഫ 2022 ലോകകപ്പ് ഖത്തര്‍ 6 ബില്യണ്‍ ഡോളര്‍ വരുമാനമുണ്ടാക്കും . നാസര്‍ അല്‍ ഖാഥര്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ വരുമാനം 6 ബില്യണ്‍ ഡോളറിലെത്തുമെന്ന് ഫിഫ കണക്കാക്കുന്നതായി ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സിഇഒ നാസര്‍ അല്‍ ഖാഥര്‍ പറഞ്ഞു. ഖത്തര്‍ ന്യൂസ് ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകകപ്പ് ടിക്കറ്റ് വില്‍പ്പനയില്‍ ശക്തമായ ഡിമാന്‍ഡാണ് എല്ലാ ഭാഗത്തുനിന്നുമുണ്ടാകുന്നത്. ഇത് ഫിഫ അധികൃതരെ വരെ അത്ഭുതപ്പെടുത്തി. കാണുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു, മെക്സിക്കോ- അര്‍ജന്റീന, സൗദി അറേബ്യ – അര്‍ജന്റീന എന്നീ മല്‍സരങ്ങള്‍ക്കാണ് ഏറ്റവുമധികം ഡിമാന്റുണ്ടായത്. ആ രണ്ട് മല്‍സരങ്ങളുടേയും മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നതായി അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് 16 ന് ടിക്കറ്റ് വില്‍പ്പനയുടെ രണ്ടാം ഘട്ടം അവസാനിച്ചപ്പോള്‍ ഇരുപത്തിനാലര ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റുപോയത്. മൊത്തം 32 ലക്ഷത്തോളം ടിക്കറ്റുകളാണുളളത്. സെപ്തംബര്‍ അവസാനത്തോടെ അവസാനവട്ട ടിക്കറ്റ് വില്‍പനയാരംഭിക്കുന്നതോടെ ലഭ്യമായ മുഴുവന്‍ ടിക്കറ്റുകളും വില്‍ക്കാനാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
ലോകകപ്പ് സമയത്തെ ആരോഗ്യ മുന്‍കരുതല്‍ നടപടികളെക്കുറിച്ച്, ഖത്തറിലേക്കുള്ള പ്രവേശനം സംബന്ധിച്ച് പൊതുജനാരോഗ്യ മന്ത്രാലയം ഒരു കോവിഡ് 19 പദ്ധതി വികസിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് അതിന്റെ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നതിനാല്‍ ടൂര്‍ണമെന്റ് സാധാരണ അന്തരീക്ഷത്തില്‍ നടക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ലോകകപ്പ് സമയത്തെ ഉയര്‍ന്ന താമസ വിലയെക്കുറിച്ചുള്ള കിംവദന്തികള്‍ അടിസ്ഥാന രഹിതമാണെന്നും പല വില നിലവാരത്തിലുള്ള താമസ സൗകര്യങ്ങള്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. വില്ലകള്‍, ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍, ക്യാമ്പിംഗ് സൈറ്റുകള്‍ എന്നിവയും ലഭ്യമാണെന്നും ഹോട്ടല്‍ മുറികളുടെയും അപ്പാര്‍ട്ട്‌മെന്റുകളുടെയും പുതിയ വിതരണത്തിന്റെ വെളിച്ചത്തില്‍ വിലകള്‍ പതിവായി അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
12 വര്‍ഷം മുമ്പ് ഖത്തര്‍ ലോകകപ്പ് ബിഡ് നേടിയതിന് ശേഷം രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍, പ്രത്യേകിച്ച് കായിക സൗകര്യങ്ങള്‍ അഭൂതപൂര്‍വമായ പുരോഗതിയും വളര്‍ച്ചയുമാണുണ്ടായത്. കളികാണാനെത്തുന്ന ആരാധകര്‍ക്ക് ഖത്തര്‍ അവിസ്മരണീയമായ അനുഭവം സമ്മാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.