കാണാതാകുന്ന കുട്ടികളെ കണ്ടെത്താന്‍ മെറ്റയുമായി സഹകരിച്ച് മിസ്സിംഗ് അലേര്‍ട്ട് സേവനവുമായി ആഭ്യന്തര മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: കാണാതാകുന്ന കുട്ടികളെ കണ്ടെത്താനും അവരെ അവരുടെ കുടുംബങ്ങളിലേക്ക് തിരികെ കൊണ്ടു വരാനും മെറ്റയുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം മിസ്സിംഗ് അലേര്‍ട്ട് സേവനം ആരംഭിച്ച് ആഭ്യന്തര മന്ത്രാലയം. കാണാതാകുന്ന കുട്ടികളുടെ ഫോട്ടോകളും വിവരങ്ങളും ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം ഫീഡുകളില്‍ പ്രസിദ്ധീകരിച്ച് കണ്ടെത്തുന്ന രീതിയാണിത്. ഗള്‍ഫില്‍ ഈ സേവനം നടപ്പാക്കുന്ന ആദ്യ രാജ്യമാണ് ഖത്തര്‍ . ഫെയ്സ്ബുക്കില്‍ വിജയകരമായി ലോഞ്ച് ചെയ്തതിന് ശേഷം കഴിഞ്ഞ ജൂണിലാണ് മെറ്റാ ഈ സേവനം ഇന്‍സ്റ്റാഗ്രാമിലേക്ക് കൊണ്ടുവന്നത്.
ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജമാല്‍ മുഹമ്മദ് അല്‍ കഅബി, പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ഖലീഫ അല്‍ മുഫ്താ, മെറ്റയിലെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ഡയറക്ടര്‍ എമിലി വാച്ചര്‍, മെറ്റയുടെ നോര്‍ത്ത് ആഫ്രിക്കയുടെയും ജിസിസി യുടേയും പബ്ലിക് പോളിസി മേധാവി ഷാദന്‍ ഖല്ലാഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
നംബിയോ സേഫ്റ്റി ഇന്‍ഡക്‌സ് 2022 പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി റാങ്ക് ചെയ്യപ്പെട്ട ഖത്തറിലെ പൊതു സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ നടപടി.
നൂതന സാങ്കേതികവിദ്യകള്‍ പ്രയോഗിക്കുന്നതും ലഭ്യമായ പ്ലാറ്റ്ഫോമുകള്‍ ഉപയോഗപ്പെടുത്തുന്നതും ഉള്‍പ്പെടെ, കമ്മ്യൂണിറ്റി അംഗങ്ങളെ അവരുടെ സമൂഹങ്ങളില്‍ മെച്ചപ്പെട്ട സുരക്ഷ ഉറപ്പുവരുത്തുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നാണ് ഇത് ഉദ്‌ബോധിപ്പിക്കുന്നത്.
ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവ വഴി കാണാതായ കുട്ടികളെക്കുറിച്ചുള്ള അലേര്‍ട്ടുകള്‍ 160 കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ ഉപയോക്താക്കള്‍ക്കും ദൃശ്യമാകും.
ഉപയോക്താക്കള്‍ക്ക് അവരുടെ സുഹൃത്തുക്കളുമായി അലേര്‍ട്ട് പങ്കിടാനും കൂടുതല്‍ ആളുകളിലേക്ക് എത്താനും കഴിയും, അങ്ങനെ, കാണാതാകുന്ന കുട്ടിയെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തിരിച്ചറിയാനും കണ്ടെത്താനും സഹായിക്കുന്നു.
എല്ലാത്തരം കുറ്റകൃത്യങ്ങളും പരമാവധി കുറയ്ക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ക്രിയാത്മകമായ ശ്രമങ്ങള്‍ നടത്താന്‍ മന്ത്രാലയം താല്‍പ്പര്യപ്പെടുന്നുവെന്ന് അബ്ദുല്ല ഖലീഫ അല്‍ മുഫ്ത വിശദീകരിച്ചു. ക്രിയാത്മകമായ ഒരു സമീപനമാണ് ഖത്തറിനെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ നിര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകമെമ്പാടും സുരക്ഷിതത്വവും സമാധാനവും സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ ഖത്തറിന് എപ്പോഴും താല്‍പ്പര്യമുണ്ടെന്നും കുട്ടികള്‍ക്കായി സുരക്ഷിതമായ സമൂഹങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പിന്തുണയുടെ ഭാഗമാണ് ഈ നടപടിയെന്നും ഇക്കണോമിക് ആന്റ് സൈബര്‍ ക്രൈം കോംബാറ്റിംഗ് ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ മേജര്‍ മദാവി സഈദ് അല്‍ ഖഹ്താനി പറഞ്ഞു.
ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഒരേ സമയം ഈ സ്മാര്‍ട്ട് അലേര്‍ട്ട് അവതരിപ്പിക്കുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ രാജ്യമായി ഖത്തര്‍ മാറിയതായി മെറ്റായിലെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ഡയറക്ടര്‍ എമിലി വാച്ചര്‍ പറഞ്ഞു. ഖത്തര്‍ ആഭ്യന്തര മന്ത്രാലയുവുമായി സഹകരിക്കാന്‍ മെറ്റയ്ക്ക് താല്‍പ്പര്യമുണ്ട്, ഈ പങ്കാളിത്തം ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, അവര്‍ പറഞ്ഞു.